തിരുവനന്തപുരം: സ്പെയിനിൻ്റെ തലസ്ഥാനം മാഡ്രിഡിൽ വർഷം തോറും നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയാണ് FICIMAD (ഫെസ്റ്റിവൽ ഇൻ്റർനാഷണൽ ഡി സിനി ഇൻഡിപെൻഡൻ്റ് ഡി മാഡ്രിഡ്). ഡു ഓവർ എന്ന തമിഴ് സിനിമയുടെ സംവിധായകൻ ഷാർവി FICIMAD ഫിലിം ഫെസ്റ്റിവലിൽ 2023 ലെ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ഡു ഓവറിലെ നായകനായ മലയാള നടൻ മാനവ് മികച്ച നടനുള്ള പുരസ്കാരവും കരസ്ഥമാക്കി. 125 ലേറെ ഇൻ്റർനാഷണൽ ഫിലിം പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞ ചിത്രമാണ് ‘ഡു ഓവർ’.
കമ്പോള ആവശ്യങ്ങൾക്കപ്പുറം സ്വതന്ത്ര സിനിമയെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തുകൊണ്ട് എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലും ഉള്ള സിനിമാ പ്രേമികൾക്കും സ്രഷ്ടാക്കൾക്കും പരിവർത്തനാത്മക അനുഭവങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഫിലിം ഫെസ്റ്റിവലാണ് FICIMAD.
പുതിയ ചലച്ചിത്രനിർമ്മാണ പ്രതിഭകളെ ഉത്തേജിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, ലോകസിനിമയിലെ മഹാരഥന്മാരെ ആദരിക്കുക, പ്രേക്ഷകരുടെ ചക്രവാളങ്ങൾ വികസിപ്പിക്കുക എന്നിവയാണ് ഫിസിമാഡ് ദൗത്യം.
സിനിമയോടുള്ള അഭിനിവേശത്താൽ നയിക്കപ്പെടുന്ന ഫിസിമാഡ്, സിനിമാ കലയിലൂടെ ലോക സംസ്കാരങ്ങളെ ഒന്നിപ്പിക്കുക എന്ന അവബോധം വളർത്തുന്ന ഫെസ്റ്റിവൽ ആണ്.