ചോറ്റാനിക്കര: പോക്‌സോ കേസ് അതിജീവിതയെ വീടിനുള്ളില്‍ അവശ നിലയില്‍ കണ്ടെത്തി. ഇവരെ കെട്ടിയിട്ട് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയതായാണ് സംശയം. അബോധാവസ്ഥയിലുള്ള യുവതി അതീവ ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഐ. സി. യുവില്‍ അബോധാവസ്ഥയില്‍ വെന്റിലേറ്ററിലാണിപ്പോള്‍. യുവതിയ്ക്ക് സംസാരിക്കാന്‍ കഴിയാത്തതിനാല്‍ തന്നെ എന്താണ് സംഭവിച്ചതെന്ന് വ്യക്തവുമല്ല.
യുവതിയുടെ തലച്ചോറിന് കാര്യമായ ക്ഷതമേറ്റിട്ടുണ്ട്. വീട്ടിലെ കിടപ്പുമുറിയില്‍ അര്‍ദ്ധനഗ്‌നയായ നിലയിലാണ് പെണ്‍കുട്ടിയെ ഞായറാഴ്ച കണ്ടെത്തിയത്. യുവതിയുടെ അമ്മയുടെ പരാതിയില്‍ ബലാത്സംഗത്തിനും കൊലപാതകശ്രമത്തിനും ചോറ്റാനിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. രഹസ്യഭാഗങ്ങളില്‍ നിന്നും രക്തം വാര്‍ന്ന നിലയിലായിരുന്നു പെണ്‍കുട്ടിയുടെ കഴുത്തില്‍ കയര്‍ മുറുക്കിയ പാടും ഉണ്ടായിരുന്നു.
യുവതിയുടെ കോട്ടയം സ്വദേശിയായ ആണ്‍സുഹൃത്ത് പൊലീസ് നിരീക്ഷണത്തിലാണ്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല. സമീപ പ്രദേശത്തെ സിസി ടിവി അടക്കം പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
വീട്ടില്‍ അമ്മയും മകളും മാത്രമാണ് താമസം. ഞായറാഴ്ച അമ്മ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ആ സമയത്താണ് യുവതിക്ക് പീഡനം നേരിടേണ്ടി വന്നത്. സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബാംഗമായ പെണ്‍കുട്ടിയുടെ പിതാവ് ഇവര്‍ക്കൊപ്പമല്ല താമസം.
ഞായറാഴ്ച ഉച്ചയ്ക്ക് അടുത്ത ബന്ധു വീട്ടിലെത്തി വിളിച്ചിട്ടും മറുപടി കിട്ടാതെ വന്നപ്പോള്‍ ജനലിലൂടെ നോക്കിയപ്പോഴാണ് പെണ്‍കുട്ടി ബോധരഹിതയായ നിലയില്‍ കട്ടിലില്‍ കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് യുവതിയെ ആദ്യം തൃപ്പൂണിത്തുറയിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. നില ഗുരുതരമായതിനാല്‍ എറണാകുളത്തെ പ്രമുഖ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു.
നേരത്തെ മൂന്നു വര്‍ഷം മുമ്പ് പെണ്‍കുട്ടി ഡിഗ്രി വിദ്യാര്‍ത്ഥി ആയിരിക്കവേ സ്വകാര്യ ബസിലെ രണ്ടു ജീവനക്കാര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി. പരാതി നല്‍കിയതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ അറസ്റ്റിലായി. അടുത്തിടെയാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്. ഇവരും സംശയത്തിലാണ്. ഈ പ്രതികളേയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. യുവതിയ്ക്ക് ആരോഗ്യ നില വീണ്ടെടുക്കാനായാല്‍ മാത്രമേ പൊലീസിന് മൊഴിയെടുക്കാനാവൂ.