കോട്ടക്കൽ: നീതി ആയോഗ് ആരോഗ്യ സൂചികയിൽ കേരളത്തിന്റെ പിന്നാക്കാവസ്ഥക്കുള്ള കാരണങ്ങൾ കണ്ടെത്തുകയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഈ രംഗത്തെ മികവിനു വേണ്ടി പരിശ്രമിക്കണമെന്നും കെ എൻ എം ഹെൽത്ത് വിങ് ഐ എം ബി സംസ്ഥാന സംഗമം ആവശ്യപ്പെട്ടു.
വീട്ടിലെ പ്രസവം, പ്രതിരോധ കുത്തിവെപ്പുകൾ ക്കെതിരെയുള്ള പ്രചാരണങ്ങൾ, വ്യാജ ചികിത്സകൾ എന്നിവ മാതൃശിശു മരണ നിരക്കുകൾ വർദ്ധിക്കാനും ആരോഗ്യ സൂചിക താഴേക്ക് കൊണ്ടുപോകാനും കാരണമായിട്ടുണ്ട്. മലയാളികളുടെ അഭിമാനമായിരുന്ന കേരള മോഡൽ ആരോഗ്യരംഗത്തെ തകർക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
ആരോഗ്യ രംഗത്തുള്ള ഭരണ പരാജയത്തിന്റെയും സിസ്റ്റം തകർച്ചയുടെയും മൂലമുണ്ടാകുന്ന പ്രതിസന്ധിയെ പ്രത്യേക ജില്ലയുടെ മുകളിൽ കെട്ടിവെക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമങ്ങൾ അപലപനീയമാണെന്നും സംഗമം വിലയിരുത്തി.
വ്യാജ ചികിത്സകൾക്കും വീട്ടിലെ പ്രസവം, പ്രതിരോധ കുത്തിവെപ്പുകൾ ക്കെതിരെയുള്ള സംഘടിത ശ്രമങ്ങൾ എന്നിവ തടയുന്നതിനായി സർക്കാർ സർക്കാറേതര ഏജൻസികളുടെ കൂട്ടായ്മ രൂപപ്പെടണമെന്നും ഐ എം ബി സംസ്ഥാന സംഗമം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറോളം സന്നദ്ധ സേവർക്ക് ആരോഗ്യ പരിശീലനവും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ബേസിക് ലൈഫ് സപ്പോർട്ട്, സിപിആർ, ട്രോമാകെയർ, എമർജൻസി ആൻഡ് ഫസ്റ്റ് എയ്ഡ്, പാലിയേറ്റീവ് കെയർ ഡയാലിസിസ്, രോഗികളുടെ പരിചരണം, കൗൺസിലിംഗ് തുടങ്ങിയ വിഷയങ്ങളിലാണ് പ്രായോഗിക പ്രഗൽഭ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശീലനം നൽകിയത്. കേരളത്തിന്റെ ആരോഗ്യ മേഖലയിൽ സന്നദ്ധ സേവകരുടെ പങ്ക് എന്ന വിഷയത്തിൽ പാനൽ ഡിസ്കഷനും നടത്തി
സംഗമം കെ എൻ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ഐ എം ബി സംസ്ഥാന പ്രസിഡണ്ട് ഡോ. പി എ കബീർ അധ്യക്ഷനായിരുന്നു. കെ എൻ എം സംസ്ഥാന വൈസ് പ്രസിഡൻറ് എ പി അബ്ദുസമദ്, ഡോ സുൽഫിക്കർ അലി, ഡോ എ ഐ അബ്ദുൽമജീദ് സ്വലാഹി, ഡോ നൗഫൽ ബഷീർ, ഡോ മുഹമ്മദ് മുസ്തഫ, ഡോ സാജിദ് യൂനുസ്, സുബൈർ പീടിയേക്കൽ പ്രസംഗിച്ചു.
ഡോ എൻ സി അഫ്സൽ, ഡോ സി മുഹമ്മദ്, ഡോ അബ്ദുറഹിമാൻ കൊളത്തായി, അൻവർ പരപ്പനങ്ങാടി,ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ കുഞ്ഞിപ്പ മാസ്റ്റർ, സിറാജ് ചേലേമ്പ്ര, ഡോ ഹമീദ് ഇബ്രാഹിം, മുസ്തഫ കാരക്കുന്ന്, മുനീർ കുറ്റ്യാടി, ഡോ അഹമ്മദ് കാഞ്ഞങ്ങാട് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.