കൊണ്ടോട്ടി: മോയിന്‍കുട്ടി വൈദ്യരും തുഞ്ചനും മേല്‍പത്തൂരും പൂന്താനവും ചേര്‍ന്ന് പണിത മതേതര സംസ്‌കൃതിയില്‍ ജീവിക്കുന്ന മലപ്പുറത്തെ എത്ര ശ്രമിച്ചാലും ഭിന്നിപ്പിക്കാന്‍ ഒരു ഫാസിസ്റ്റുകള്‍ക്കും കഴിയില്ലെന്ന് കവി ആലങ്കോട് ലീലാകൃഷ്ണന്‍. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവത്തിന്റെ ഭാഗമായി കലയും മതനിരപേക്ഷതയും എന്ന വിഷയത്തില്‍ വൈദ്യര്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രത്താണി പരിപാടി ഉദ്ഘാടനം ചെയ്തു. അക്കാദമി അംഗങ്ങളായ പി പി അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. പി കെ ഖലീമുദ്ദീന്‍ സ്വാഗതം ആശംസിച്ചു. എ.പി. മോഹന്‍ദാസ്, അബ്ബാസ് കൊണ്ടോട്ടി എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ഷംസീര്‍ കൊണ്ടോട്ടിയുടെ നേതൃത്വത്തില്‍ കോല്‍ക്കളിയും സന്തോഷ് തച്ചണ്ണ അവതരിപ്പിച്ച ഏകപാത്ര നാടകവും അരങ്ങേറി. മഹോത്സവത്തില്‍ ഞായറാഴ്ച രാവിലെ തനത് മാപ്പിളപ്പാട്ട് ഗായക സംഗമം നടക്കും. ഉച്ചക്കുശേഷം നടക്കുന്ന സാംസ്‌കാരിക സദസ്സില്‍ കോല്‍ക്കളി എന്ന ഡോക്യുമെന്ററി പ്രദര്‍ശനം, അക്കാദമി നടത്തിയ സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം, ഒരു ആത്മാവിന്റെ കഥ എന്ന കഥാസമാഹാരം പ്രകാശനം എന്നിവ നടക്കും. 15ന് തിങ്കളാഴ്ച ഖിസ്സപ്പാട്ട് കലാകാരന്‍മാരുടെ സംഗമവും അവതരണവും മാപ്പിളപ്പാട്ട് കവിയരങ്ങ്, സമാപനസമ്മേളനം എന്നിവ നടക്കും. ശേഷം നടക്കുന്ന വൈദ്യര്‍രാവ് റിയാലിറ്റി ഷോയോടുകൂടി ഈ വര്‍ഷത്തെ വൈദ്യര്‍ മഹോത്സവത്തിന് സമാപനം കുറിക്കും.