തമിഴ്‌നാട്ടിലെ മുന്‍ കമ്മ്യൂണിസ്റ്റ് നേതാവ് സി കെ കൃഷ്ണന്‍ കുട്ടി (90) നിര്യാതനായി

ചരമം Obit

ചാലക്കുടി: അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും തമിഴ്‌നാട്ടിലെ തോട്ടം തൊഴിലാളി യൂണിയന്‍ സ്ഥാപക നേതാവുമായിരുന്ന സി കെ കൃഷ്ണന്‍ കുട്ടി (90) നിര്യാതനായി. തൃശ്ശൂര്‍ ജില്ലയിലെ നാട്ടിക ചെമ്മാപ്പിള്ളിയില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിട്ടായിരുന്നു തുടക്കം. പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ ഒളിവില്‍ പോകേണ്ടി വന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തന മേഖല തമിഴ്‌നാട്ടിലേക്ക് മാറ്റി. വാല്‍പ്പാറ പ്രദേശങ്ങളില്‍ തോട്ടം മേഖലയില്‍ സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അമ്പതുകളില്‍ നാടു വിട്ട് തമിഴ് നാട്ടിലെ വാല്‍പ്പാറ പ്രദേശങ്ങളില്‍ തോട്ടം മേഖലയില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പത്ര പ്രവര്‍ത്തകനും സിനിമാ പി ആര്‍ ഒ യുമായ സി കെ അജയ് കുമാറിന്റെ പിതാവാണ്. തിങ്കളാഴ്ച രാത്രി 8.30നു ഹൃദയാഘാതം മൂലം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

നാട്ടിക സ്വദേശിയായ കൃഷ്ണന്‍, അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൊഴിലാളി യൂണിയന് അസ്ഥിവാരമിട്ടു കൊണ്ട് പാര്‍ട്ടിയെ വളര്‍ത്താന്‍ പ്രവര്‍ത്തിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ രാഷ്ട്രീയം ഉപേക്ഷിച്ച് അക്കാലത്ത് വല്‍പാറയില്‍ റേഡിയോ ബിസിനസ്സ് നടത്തി പോരുന്ന സമയത്ത്’ വേളയില്‍ തന്റെ അഭ്യുദയാകാംക്ഷിയായ കമ്മ്യൂണിസ്റ്റ് നേതാവ് സി. അച്യുത മേനോന്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കരുതെന്നും ഏതു പക്ഷ ആശയത്തോട് യോജിക്കാന്‍ കഴിയുമോ അവിടെ ചേര്‍ന്ന് സജീവമാകാന്‍ ആവശ്യപ്പെട്ടു. 1970 ല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന കൃഷ്ണന്‍ കുട്ടി 1972 ല്‍ ഏ.കെ.ജി യുടെ സാന്നിധ്യത്തില്‍ തമിഴ് നാട്ടിലെ തേയില തോട്ടം മേഖലകളില്‍ വാല്‍പ്പാറ കേന്ദ്രീകരിച്ച് സി ഐ ടി യു വിന്റെ പോഷക സംഘടനകളായി പ്ലാന്റേഷന്‍ യൂണിയനുകള്‍ സ്ഥാപിച്ചു. തമിഴ് നാട്ടില്‍ പാര്‍ട്ടിയുടെയും വളര്‍ച്ചയ്ക്കായി പ്രയത്‌നിച്ചു. 1975 ല്‍ അടിയന്തിരാവസ്ഥ കാലത്ത് അന്നത്തെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളായ തന്റെ സഹ യാത്രികര്‍ ആര്‍. ഉമാനാഥ്, കെ. രമണി, പി. രാമമൂര്‍ത്തി, ജെ. ഹേമ ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ഒന്നര വര്‍ഷം ഒളിവില്‍ കഴിഞ്ഞു.1990 വരെ ഈ യൂണിയനുകളുടെ സ്ഥാപക സെക്രട്ടറി ആയിരുന്നു. അതിനു ശേഷം ചാലക്കുടിയില്‍ വിശ്രമ ജീവിതം നയിക്കയായിരുന്നൂ.

ജാനകിയാണ് ഭാര്യ, മക്കള്‍: അജയകുമാര്‍, ജയനേന്ദ്രന്‍, അജിത, ഗീത, ഷാജികുമാര്‍. സംസ്‌കാരം ഇന്ന് (2/05/2023) ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ചാലക്കുടി നയാരങ്ങാടിയിലെ വീട്ടുവളപ്പില്‍ നടക്കും.