കോഴിക്കോട്: മാപ്പിളപ്പാട്ട് രംഗത്തെ കഴിഞ്ഞ കാലങ്ങളില്‍ സജീവമായി നിറഞ്ഞുനിന്നവരും വര്‍ത്തമാന കാലത്ത് നിറഞ്ഞാടുന്നവരും ഒരു പകല്‍ മുഴുവന്‍ കോഴിക്കോട്ട് ഒത്തുകൂടിയപ്പോള്‍ അത് പുതിയൊരനുഭവമായി. ലോകമെങ്ങുമുള്ള മലയാളികള്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന മാപ്പിളപ്പാട്ട് വരികള്‍ ഒരുക്കിയ രചയിതാക്കളും അതിന് താളമിട്ട സംഗീത സംവിധായകരും അത് അനുവാചക ഹൃദയങ്ങളിലേക്ക് മനോഹരമായ തങ്ങളുടെ ശബ്ദത്തിലൂടെ പകര്‍ന്നു നല്കിയ ഗായകരും ഇശല്‍ വസന്തം എന്ന ഷമീര്‍ ഷര്‍വാനി ഒരുക്കുന്ന സംഗീത പരിപാടിയുടെ മുന്നോടിയായാണ് ഒരു പകല്‍ ഒന്നാകെ ഇന്നലെ ഒത്തുകൂടിയത്. അളകാപുരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ പഴയ തലമുറയിലെ പാട്ടുകാരനായ അസീസ് തായനേരി മുതല്‍ പുതിയ പാട്ടുകാരിയായ സുറുമി വയനാട് വരെയെത്തി, തങ്ങളുടേതായ രണ്ട് വരി ഇശലുകള്‍ കൂടി പാടിയാണ് ഈ ഒത്തുചേരലിനെ വേറിട്ടതാക്കിയത്.
ഒ.എം കരുവാരക്കുണ്ട്, ഫൈസല്‍ എളേറ്റില്‍, വിളയില്‍ ഫസീല, ബാപ്പു വെള്ളിപറമ്പ്, ബാപ്പു വാവാട്, കാനേഷ് പൂനൂര്, അസീസ് തായിനേരി, സിബല്ല സദാനന്ദന്‍, എം.എ ഗഫൂര്‍, സലാംക്ക ഫോക്കസ് മാള്‍,
സിന്ധു പ്രേംകുമാര്‍ , ഹസന്‍ നെടിയനാട്, റഹ് മാന്‍ ഓര്‍ക്കാട്ടേരി, തുടങ്ങിയവരും സംസാരിച്ചു. ഇശല്‍ വസന്തത്തിന്റെ വിവര ശേഖരണത്തിന്റെ ഭാഗമായി മണ്‍മറഞ്ഞു പോയ നിരവധി മാപ്പിളപ്പാട്ട് കലാകാരന്മാരുടെ വീടുകള്‍ അണിയറ ശില്‍പികള്‍ സന്ദര്‍ശിക്കുകയുണ്ടായതായി ഫൈസല്‍ എളേറ്റില്‍ പറഞ്ഞു.
പാട്ടിന്റെ ഭൗതിക ലോകത്തു നിന്ന് വിടവാങ്ങിയ പീര്‍ മുഹമ്മദ്, ചാന്ദ്പാഷ, പി.സി ലിയാഖത്ത്, എസ്.എം കോയ, എ.വി മുഹമ്മദ്, കെ.ജി സത്താര്‍ തുടങ്ങി ഇരുപത്തിരണ്ട് കലാകാരന്മാരുടെ വീടുകള്‍ സന്ദര്‍ശിച്ച് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന പരിപാടി മാപ്പിളപ്പാട്ട് ലോകത്തു നിറഞ്ഞു നിന്നിട്ടും എവിടെയും രേഖപ്പെടുത്തപ്പെടാതെ പോയവരെക്കുറിച്ചുള്ള ഒരു ഡോക്യൂമെന്റേഷന്‍ കൂടിയാണെന്ന് നേതൃത്വം നല്കുന്ന ഷമീര്‍ ഷര്‍വാണി കൂട്ടായ്മയില്‍ പറഞ്ഞു. മാപ്പിളപ്പാട്ടുകളുടെ രചനയും സംഗീതവും നിര്‍വഹിച്ചവരുടെ പേരുകള്‍ ബോധപൂര്‍വ്വം മാറ്റിപറയുന്നത് ഇന്നും തുടരുകയാണെന്ന് കൂട്ടായ്മയില്‍ സംസാരിച്ച ഒ.എം കരുവാരക്കുണ്ട് പറഞ്ഞു. എന്നാലിതിന് ഇശല്‍ വസന്തം പോലെയുള്ള പരിപാടികള്‍ വരുന്നതോടെ മാറ്റമുണ്ടാകട്ടെയെന്ന് സംസാരിച്ച ഒ.എം. കരുവാരക്കുണ്ട് പറഞ്ഞു. പുറക്കാട്ടിരി അബ്ദുറഹിമാന്‍, ഫിറോസ് ബാബു, ഫാരിസ ഹുസൈന്‍, എക്‌സല്‍ മൊയ്തീന്‍, പി.കെ.എം കോയ , കെ.പി.യു അലി, പ്രകാശ് പൊതായ എന്നിവരും തങ്ങളുടെ പഴയ കാല അനുഭവങ്ങളും പങ്കുവെച്ചു.