കോഴിക്കോട്: സോളാര്‍ കേസില്‍ കണ്ടത് പത്തുവര്‍ഷം നീണ്ട രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം എല്‍ എ. കോഴിക്കോട് ഡി സി സിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയെന്നും സോളാര്‍ കമ്മിഷനെ തിരഞ്ഞെടുപ്പിനുവേണ്ടി സി.പി.എം. ദുരുപയോഗപ്പെടുത്തുകയായിരുന്നെന്നും സിദ്ദിഖ് ആരോപിച്ചു. പത്തുകോടി രൂപ മുടക്കി ഒരു വ്യാജ ആരോപണം ഉയര്‍ത്തികൊണ്ടു വരുകയും അതേ കുറിച്ച് അന്വേഷിച്ച ജൂഡീഷ്യല്‍ കമ്മീഷനെ അഞ്ചുകോടി രൂപ മുടക്കി അട്ടിമറിക്കുകയും ചെയ്താണ് രണ്ടു തവണ പിണറായി വിജയന് അധികാരം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ടു പിടിക്കാനുള്ള കറവപശുവായാണ് സോളര്‍ കമ്മീഷനെ പിണറായി ഉപയോഗിച്ചത്. സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനം തുടക്കം മുതല്‍ സംശയാസ്പദമായിരുന്നു. ഇക്കിളി കഥകളറിയാനായിരുന്നു ജസ്റ്റിസ് ശിവരാജന്റെ നേതൃത്വത്തിലുള്ള സോളാര്‍ കമ്മിഷന് താത്പര്യം. ശ്രവണ സുഖത്തിലും നയന സുഖത്തിലും ശ്രദ്ധ കൊടുക്കുന്ന ശിവരാജന് കമ്മിഷന് യഥാര്‍ഥത്തില്‍ ആസ്വാദന കമ്മിഷനായിരുന്നു. ജസ്റ്റിസ് ശിവരാജന്റെ സാമ്പത്തിക സ്രോതസ് വിജിലന്‍സ് അന്വേഷിക്കണമെന്നും ടി. സിദ്ദിഖ് എം.എല്‍.എ ആവശ്യപ്പെട്ടു.
സോളാര്‍ കമ്മിഷനെ തിരഞ്ഞെടുപ്പിനുവേണ്ടി ദുരുപയോഗപ്പെടുത്തുകയാണ് സി.പി.എം. ചെയ്തത്. മനസാക്ഷിയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയോടും കുടുംബത്തോടും പൊതുസമൂഹത്തോടും പിണറായി വിജയന് മാപ്പ് പറയണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ വിജിലന്‍സ് അന്വേഷണം സര്‍ക്കാരിന്റെ പകപോക്കലാണ്. കെ ഫോണിന് ചൈനീസ് കേബിള്‍ വാങ്ങിയ അഴിമതി പുറത്തു വരാതിരിക്കാന്‍ പുകമറ സൃഷ്ടിക്കലാണ് അന്വേഷണ പ്രഖ്യാപനത്തിന് പിന്നില്‍. ഇത്തരമൊരു നീക്കം പദ്ധതിക്കായി സഹായിച്ച പ്രവാസികളോടുള്ള വെല്ലുവിളിയാണ്. പുനര്‍ജനിക്ക് വേണ്ടി പ്രതിപക്ഷ നേതാവ് പണം കൈപറ്റിയിട്ടില്ലെന്ന് വ്യക്തമാണെന്നും വിജിലന്‍സിനെ ഉപയോഗിച്ച് സതീശനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് വിലപ്പോവില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. നാഷണല്‍ ഹെറാള്‍ഡ് കേസ് അന്വേഷിപ്പിച്ച മോദിയെ പോലെയാണ് പിണറായിയുടെയും വിജിലന്‍സ് നീക്കം. കെഫോണിലെ ചൈനീസ് കേബിളിനെ കുറിച്ചാണ് ആദ്യം അന്വേഷിക്കേണ്ടതെന്നും സിദ്ദിഖ് എം.എല്‍.എ പറഞ്ഞു.