മഴക്കാലം ദുരിത കാലം; പിണങ്ങോട് ഹൈസ്കൂൾകുന്ന് മഴവെള്ള പ്രശ്നത്തില്‍ സമരം ശക്തമാക്കി നാട്ടുകാര്‍

Wayanad

പിണങ്ങോട്: മഴക്കാലം ആകുന്നതോടെ ദുരിതത്തിലകപ്പെടുന്ന വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഹൈസ്കൂൾകുന്ന് നിവാസികൾ സമരം ശക്തമാക്കുന്നു. കഴിഞ്ഞ 25 വർഷത്തിലധികമായി അനുഭവിക്കുന്ന ദുരിതത്തിന് അറുതി കാണണമെന്നാവശ്യപ്പെട്ടാണ് ശക്തമായ സമരവുമായി ദുരിതബാധിതര്‍ രംഗത്തിറങ്ങിയത്. ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിൽ നിന്ന് വരുന്ന മഴവെള്ളമാണ് സമീപവാസികളെ ദുരിതത്തിലാക്കുന്നത്. പ്രശ്നത്തിന് ശാശ്വതപരിഹാരം അടിയന്തിരമായി ഉണ്ടാക്കണമെന്നത് ദുരിത ബാധിതരുടെ ദീര്ഘകാല ആവശ്യമാണ്.

മഴക്കാലത്തും വേനൽമഴ പെയ്യുമ്പോഴും കോമ്പൗണ്ടിലെ വെള്ളം കുത്തിയൊലിച്ച് പരിസരത്തെ വീടുകളിലേക്കും മറ്റും എത്തി വലിയ നാശനഷ്ടം സംഭവിക്കുകയാണ്. വലിയ മഴപെയ്യുമ്പോൾ ഭീകരമാണ് അവസ്ഥ. വീടിൻ്റെ ചുമരിലേക്കും വീടിനകത്തേക്കും കിണറുകളിലേക്കും വെള്ളം എത്തുകയാണ്. ഇതിനിടയിൽ പല വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. ചുമരുകളും മറ്റും തകർന്നു. കിണറുകൾ ചെളിവെള്ളം നിറഞ്ഞ് ഉപയോഗശൂന്യമായി. വീടുകളിൽ താമസിക്കുന്നവർക്കും നടന്നു പോകുന്നവർക്കും സുരക്ഷിതമല്ലാത്ത ഇടമായി പ്രദേശം മാറി.

ഇത്രയും വർഷമായി പരിസരവാസികൾ സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി, ഗ്രാമപഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശസ്വയംഭരണ അധികൃതർ, വിവിധ ഡിപ്പാർട്ട്മെൻ്റ് അധികാരികൾ, ജില്ലാ കലക്ടർ തുടങ്ങി ബന്ധപ്പെട്ട സകല മേഖലകളിലും നിരന്തരം പരാതി നൽകാറുണ്ടെങ്കിലും ഇതേവരെയും ഒരു പരിഹാരവും ആയിട്ടില്ല. മഴക്കാലത്ത് പ്രശ്നം രൂക്ഷമാകുമ്പോൾ പരിസരവാസികളെ ചർച്ചക്ക് വിളിച്ച് പരിഹാരം കാണാം എന്ന് പറഞ്ഞു പോവുകയും എന്നാൽ ഒരു പരിഹാരവും ഉണ്ടാക്കാതെ കാലം കഴിഞ്ഞുപോവുകയും ചെയ്യുന്നു.

നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഈ പ്രശ്നം ഒരു തരത്തിലും പരിഹാരം കാണാത്ത പശ്ചാത്തലത്തിലാണ് പരിസരവാസികളുടെ നേതൃത്വത്തിൽ സ്കൂളിന് മുമ്പിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരത്തിൽ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പരിസരവാസികൾ, നാട്ടുകാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ 5 ദിവസമായി സമരം നടക്കുന്നത്.

ഇത്രയും ദിവസമായിട്ടും ബന്ധപ്പെട്ട അധികാരികൾ പരിഹാരത്തിന് ഒരു ശ്രമവും നടത്താത്ത പശ്ചാത്തലത്തിലാണ് സമരം ശക്തമാക്കാൻ സമരസമിതി തീരുമാനിച്ചത്. തിങ്കളാഴ്ചക്കുള്ളിൽ പരിഹാരം കണ്ടില്ലെങ്കിൽ ഇപ്പോൾ നടക്കുന്ന അനിശ്ചിതകാല സമരം സ്കൂൾ ഉപരോധം അടക്കമുള്ള ശക്തമായ സമര രീതികളിലേക്ക് നീങ്ങാനാണ് സമര സമിതിയുടെ തീരുമാനം.

പ്രദേശവാസികളുടെയും വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനാ നേതാക്കളുടെയും യോഗത്തിൽ പി.പി. അഷ്റഫ്, മുരളീധരൻ കെ, പി. എം. ശിവദാസൻ, ജംഷിദ് ബാവ, ഷമീർ കുന്നത്ത്, മുഹമ്മദലി പി എന്നിവർ പങ്കെടുത്ത് സംസാരിച്ചു. യോഗത്തിൽ ചെയർമാൻ എ. പി. സാലിഹ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അൻവർ കെ. പി, കൺവീനർ സലിം കുന്നത്ത് സംസാരിച്ചു.

പത്രസമ്മേളനത്തിൽ വാർഡ് മെമ്പർ അൻവർ കെ. പി, സമരസമിതി അംഗങ്ങളായ എ.പി. സാലിഹ്, സലിം കുന്നത്ത്, മജീദ് പുത്തനിയിൽ എന്നിവർ പങ്കെടുത്തു.