തിരുവനന്തപുരം: വിയറ്റ്‌നാമിലെ സ്വകാര്യ വിമാനക്കമ്പനിയായ ബാംബൂ എയര്‍ തങ്ങളുടെ ലോയല്‍റ്റി പ്രോഗ്രാം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഐബിഎസ് സോഫ്റ്റ് വെയറിനെ സേവനദാതാക്കളായി തെരഞ്ഞെടുത്തു. ആഗോളതലത്തില്‍ പ്രതിവര്‍ഷം 16 ലക്ഷം ഉപഭോക്താക്കളാണ് ബാംബൂ എയറിനുള്ളത്.
2019 ല്‍ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ ബാംബൂ എയര്‍ ഐബിഎസ് സോഫ്റ്റ് വെയറാണ് വ്യോമയാന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. നാളിതുവരെ 2 കോടി യാത്രക്കാരാണ് ബാംബൂ എയറില്‍ യാത്ര ചെയ്തിട്ടുള്ളത്. കമ്പനിയുടെ ഫൈവ് സ്റ്റാര്‍ ലോയല്‍റ്റി പ്രോഗ്രാമായ ബാംബൂ ക്ലബിന്റെ സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ക്കും ഐബിഎസിനെ തന്നെ അവര്‍ തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബാംബൂ ക്ലബിന്റെ അംഗത്വത്തില്‍ 150 ശതമാനമാണ് വര്‍ധനയുണ്ടായത്. വിയറ്റ്‌നാമിലെ 22 വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തുന്ന ബാംബൂ എയര്‍ ഉടന്‍ തന്നെ യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കാനിരിക്കുകയാണ്.
കൊവിഡാനന്തര വ്യോമയാനരംഗത്ത് ലോയല്‍റ്റി പ്രോഗ്രാമുകള്‍ വിമാനക്കമ്പനികള്‍ക്ക് സ്ഥിരമായ വരുമാനമാര്‍ഗമാണ്. ഇതില്‍ ഐബിഎസിന്റെ ഐഫ്‌ളൈ ലോയല്‍റ്റി പോലെ പിഴവില്ലാത്ത സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നിര്‍ണായകമാണ്.
ലോയല്‍റ്റി സര്‍വീസുകള്‍ ഐഫ്‌ളൈ സോഫ്റ്റ് വെയറിലേക്ക് മാറുന്നതോടെ സേവനങ്ങള്‍ക്ക് ടു ഫാക്ടര്‍ ഓഥന്റിക്കേഷന്‍, തേഡ് പാര്‍ട്ടി ഇന്റഗ്രേഷന്‍ എന്നിവ നല്‍കാനാകും. ഇതിലൂടെ ബാംബൂ ക്ലബിന് ലോകോത്തര സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനാകും. ക്ലൗഡ് അടിസ്ഥാനമായുള്ള സാങ്കേതികവിദ്യയിലൂടെ ഇനോവേഷന്‍, മെമ്പര്‍ എന്‍ഗേജ്മന്റ്, ബിസിനസ് വളര്‍ച്ച, വരുമാന വര്‍ധനവ്, ചെലവുകുറയ്ക്കല്‍ എന്നിവയും നേടാം.
ബാംബൂ ക്ലബ് അംഗങ്ങള്‍ക്ക് വ്യക്തിപരമായ ലോകോത്തര സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതോടെ അതീവ മത്സരശേഷിയുള്ള വിയറ്റ്‌നാമീസ് വ്യോമയാന രംഗത്ത് ശക്തമായ ചുവടുറപ്പിക്കാന്‍ ബാംബൂ എയറിന് കഴിയും. മികച്ച വാണിജ്യ വിജയം നേടുന്ന കമ്പനിയായി പരിണമിച്ചതില്‍ ഐബിഎസ് സോഫ്റ്റ് വെയറിന്റെ സഹകരണം നിര്‍ണായകമായിരുന്നുവെന്ന് ബാംബൂ ക്ലബിന്റെ മേധാവി നിയം തി ഹ്വാ പറഞ്ഞു. ഈ രംഗത്തെ വെല്ലുവിളികള്‍ മനസിലാക്കുന്നതിനോടൊപ്പം ലോയല്‍റ്റി ഉപഭോക്താക്കളുടെ ആവശ്യങ്ങളും അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഐബിഎസ് സഹായിച്ചു. മികച്ച ഉപഭോക്തൃ അനുഭവം ബാംബൂ ക്ലബ് അംഗങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള വ്യോമയാനരംഗത്ത് തങ്ങളുടേതായ ചുവടുറപ്പിച്ച ബാംബൂ എയറുമായുള്ള സഹകരണം ആഹ്ലാദം പകരുന്നതാണെന്ന് ഐബിഎസ് സോഫ്റ്റ് വെയറിന്റെ ലോയല്‍റ്റി മാനേജ്മന്റ് സൊല്യൂഷന്‍സ് മേധാവി മാര്‍ക്കസ് പഫര്‍ പറഞ്ഞു. ഐബിഎസ് സോഫ്റ്റ് വെയറിലൂടെ വ്യോമയാനരംഗത്തും ഉപഭോക്തൃ സേവനരംഗത്തും ബാംബൂ എയറിന് അടുത്ത തലത്തിലേക്ക് കടക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
വ്യോമയാനം, ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാരം, ക്രൂസ് വ്യവസായം, ഊര്‍ജ്ജ വിഭവ വ്യവസായം, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്നീ മേഖലകളിലാണ് ആഗോളതലത്തില്‍ ഐബിഎസ് സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നത്.