കോഴിക്കോട്: ബേപ്പൂര്‍ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുന്നു. തുറമുഖം ഇന്റര്‍നാഷണല്‍ ഷിപ്‌സ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡിന് കീഴില്‍വന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബര്‍ നാലിന് നടക്കും. വിദേശ യാത്രാചരക്കു കപ്പലുകള്‍ തുറമുഖത്ത് പ്രവേശിക്കുന്നതിനും എമിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനം നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഐ.എസ്.പി.എസ്. സര്‍ട്ടിഫിക്കേഷന്‍ നല്‍കിയത്.
ഐ.എസ്.പി.എസ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനായി എം.എം.ഡി നിര്‍ദ്ദേശ പ്രകാരം തുറമുഖത്ത് സുരക്ഷാ സംവിധാനങ്ങള്‍ നേരത്തെ വിപുലപ്പെടുത്തിയിട്ടുണ്ട്. തുറമുഖ അതിര്‍ത്തിക്ക് ചുറ്റും രണ്ട് മീറ്റര്‍ ഉണ്ടായിരുന്ന ചുറ്റുമതില്‍ 2.4 മീറ്ററാക്കി ഉയര്‍ത്തി അതിനു മുകളില്‍ കമ്പിവേലി സ്ഥാപിച്ചു. തുറമുഖ കവാടത്തില്‍ എക്‌സ്‌റേ സ്‌കാനിങ് സംവിധാനവും മെറ്റല്‍ ഡിറ്റക്ടറും സ്ഥാപിച്ചു. തുറമുഖത്തേക്ക് അടുക്കുന്ന കപ്പലുകളും ചെറു വെസലുകളും തിരിച്ചറിയാന്‍ ഓട്ടോമാറ്റിക് റഡാര്‍ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. വാര്‍ഫിലും മറ്റും ആധുനിക വാര്‍ത്താ വിനിമയ സംവിധാനം ഒരുക്കിയതിനൊപ്പം തുറമുഖത്തെ മുഖ്യ കവാടവും പാസഞ്ചര്‍ ഗേറ്റും പുനര്‍ നിര്‍മ്മിക്കുകയും ചെയ്തു.
മര്‍ക്കന്റൈയില്‍ ചട്ടപ്രകാരം ഐഎസ്പിഎസ് കോഡില്‍ ഉള്‍പ്പെടുന്ന തുറമുഖങ്ങളില്‍ മാത്രമേ വിദേശ കപ്പലുകള്‍ അടുപ്പിക്കാന്‍ അനുമതിയുള്ളൂ. കോഡ് ലഭിച്ചതോടെ വിദേശ കാര്‍ഗോ പാസഞ്ചര്‍ കപ്പലുകള്‍ക്ക് ബേപ്പൂരിലേക്ക് നേരിട്ട് വരാന്‍ വഴിയൊരുങ്ങി. മാത്രമല്ല രാജ്യാന്തര യുണീക് ഐഡന്റിറ്റിനമ്പര്‍ ലഭിക്കുന്ന മലബാറിലെ പ്രധാന തുറമുഖമായി ബേപ്പൂര്‍ മാറി.