കലാലയങ്ങള്‍ പൊതുസമൂഹത്തിന്‍റെ മാര്‍ഗ്ഗദര്‍ശികള്‍: മോണ്‍. ജോസഫ് തടത്തില്‍

Kottayam

പാലാ: ആശയങ്ങളും ആദര്‍ശങ്ങളും യുവമനസ്സുകളില്‍ ഉല്പാദിപ്പിക്കുവാന്‍ തക്കവിധമുള്ള നേതൃത്വമായിരിക്കണം കലാലയങ്ങള്‍ക്കുണ്ടാകേണ്ടതെന്നും അതിലൂടെ സമൂഹത്തെ നന്മയിലേക്ക് നയിക്കുവാനാക്കുമെന്നും പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ പറഞ്ഞു. വയലില്‍ പിതാവിനാല്‍ സ്ഥാപിതമായ സെന്റ് തോമസ് കോളേജില്‍ അധ്യാപക നിയമനത്തിനോ വിദ്യാര്‍ത്ഥി പ്രവേശനത്തിനോ നാളിതുവരെ ആരുടെ പക്കല്‍ നിന്നും ഒരു വിധത്തിലുള്ള സംഭാവനയോ സഹായമോ വാങ്ങിയിട്ടില്ലെന്നും അത്തരമൊരു വലിയ ആദര്‍ശത്തിന്റെ പ്രചാരകരാകുവാന്‍ എല്ലാ സമൂഹങ്ങളും തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തില്‍ ഇദം പ്രഥമമായി ഒരു കോളജില്‍ സംഘടിപ്പിക്കപ്പെട്ട കോളജ് യൂണിയന്‍ ഭാരവാഹീസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തിയ പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ.ജയിംസ് മംഗലത്ത് വിദേശ രാജ്യങ്ങളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനകള്‍ അക്കാദിമകവും ഇതരവുമായ മേഖലകളില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് പറയുകയുണ്ടായി. സെന്റ് തോമസിന്റെ വാതായനങ്ങള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്നും എല്ലാ പൂര്‍വ്വ വിദ്യാര്‍ഥികളും ഒരുമിച്ചു ചേരുവാന്‍ സമയം കണ്ടെത്തണമെന്നും ഓര്‍മ്മിപ്പിച്ചു. യോഗത്തില്‍ അലുംമ്‌നൈ പ്രസിഡന്റ് ഡിജോ കാപ്പന്‍ അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ ജയിംസ് ജോണ്‍ മംഗലത്ത്, ഡോ. ഡേവീസ് സേവ്യര്‍, പ്രൊഫ. ബാബു മൈക്കിള്‍, ഡോ.സാബു ഡി മാത്യു, എമിലി ജേക്കബ് എന്നിവര്‍ സംസാരിച്ചു. 1966 മുതലുള്ള ഭാരവാഹികള്‍ സംഗമത്തില്‍ പങ്കാളികളായി.