ശമ്പള ഏകീകരണ വിദഗ്ദ്ധ സമിതി പിരിച്ചു വിടണം: ആര്‍ ചന്ദ്രശേഖരന്‍

Thiruvananthapuram

തിരുവനന്തപുരം: സംസ്ഥാനത്തെ KSEB, KSRTC, വാട്ടര്‍ അതോറിട്ടി എന്നീ മൂന്ന് പ്രധാന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പള ഏകീകരണത്തിനായി രൂപീകരിച്ച വിദഗ്ധ സമിതി പിരിച്ചുവിടണമെന്ന് ഐ എന്‍ റ്റി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ സേവന-വേതന ഏകീകരണത്തിനായി 2017 ഏപ്രില്‍ 20ന് രൂപീകരിച്ച വിദഗ്ധ സമിതിയ്ക്ക് പിന്നാലെ 2023 ഏപ്രില്‍ 19ന് മറ്റൊരു വിദഗ്ധ സമിതി രൂപീകരണം മൂന്ന് സ്ഥാപനങ്ങളിലേയ്ക്ക് മാത്രമായി നടത്തിയിരിക്കുകയാണ്. ഇത് അടിയന്തിരമായി പിരിച്ചുവിടണം.

സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ നിയമവിരുധവും സ്വാഭാവിക നീതികളെ ലംഘിച്ചുള്ളതും ചില ഉഠോപ്യന്‍ ആശയങ്ങള്‍ക്ക് വിധേയവുമായി മാത്രമേ കാണുവാന്‍ കഴിയൂ. വ്യവസായമെന്തെന്നോ തൊഴില്‍ നിയമങ്ങളെന്തെന്നോ അറിയാത്ത ചില ഉദ്യോഗസ്ഥ പ്രമാണിമാര്‍ നടത്തുന്ന സ്വപ്ന ചിന്തകള്‍ മാത്രമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യവസായ ശാലകളില്‍ സേവന-വേതന വ്യവസ്ഥകള്‍ രൂപീകരിക്കുന്നതും നടപ്പിലാക്കുന്നതും മാനേജ്‌മെന്റും ട്രേഡ് യൂണിയനുകളും തമ്മില്‍ 1947ലെ തൊഴില്‍ തര്‍ക്ക നിയമപ്രകാരം ഒപ്പുവയ്ക്കുന്ന കരാറുകള്‍ക്ക് അനുസരിച്ചാണ്. ജോലിയുടെ സ്വഭാവം, സാമ്പത്തിക വിതരണശേഷി, ഉല്പാദനം, ഉല്പാദനക്ഷമത, ലാഭം, പൊതുജീവിത അവസ്ഥ എന്നിവയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായി നടക്കുന്ന കൂട്ടായ വിലപേശലിന്റെ അടിസ്ഥാനത്തിലാണ് ഓരോ സ്ഥാപനത്തിലും കരാറുകള്‍ രൂപീകരിക്കപ്പെടുന്നത്.

ഇതിനെയെല്ലാം ലംഘിച്ച് ചില ഉദ്യോഗസ്ഥരുടെയും കണക്കപ്പിള്ളമാരുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങളിലെ സേവന-വേതന വ്യവസ്ഥകള്‍ രൂപീകരിക്കുന്നത് തൊഴിലാളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുണകരമല്ല എന്ന് മാത്രമല്ല പൊതുമേഖലകളാകെ തകര്‍ക്കപ്പെടുവാന്‍ മാത്രമെ ഈ നടപടികള്‍ ഉപകരിക്കൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 1956ല്‍ രാജ്യത്ത് വ്യവസായനയം രൂപീകരിച്ചപ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ മാതൃകാസ്ഥാപനങ്ങളായി പ്രവര്‍ത്തിക്കണമെന്നാണ് വിവക്ഷിച്ചിട്ടുള്ളത്. എന്നാല്‍ ഇതിന് വിരുധമായി എല്ലാ തൊഴില്‍ നിയമങ്ങളെയും ലംഘിച്ച് എല്ലായിടത്തും കരാര്‍വല്‍ക്കരണത്തിലൂടെ ആധുനിക അടിമത്വം അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ നടപടി തീര്‍ത്തും പ്രാകൃതവും തൊഴിലാളി വിരുധവും ആണെന്ന് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.

തൊഴിലാളികള്‍ക്ക് ന്യായമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നതാണ് വ്യവസായങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് കണ്ടെത്തുന്ന സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ശമ്പളം, ആനുകൂല്യങ്ങളും നല്‍കിയതിന്റെ പേരില്‍ സംസ്ഥാനത്തും, രാജ്യത്തും, ലോകത്തും ഒരു സ്ഥാപനവും തകര്‍ന്നിട്ടില്ല എന്ന വസ്തുതകൂടി മനസ്സിലാക്കാന്‍ തയ്യാറാകണം. ഓരോ വ്യവസായത്തിന്റെയും പൊതുസാഹചര്യങ്ങള്‍ വിലയിരുത്തി ലാഭകരമായി പ്രവര്‍ത്തിപ്പിക്കേണ്ടുന്നതിന് പകരം ഇത്തരം അപ്രായോഗീകമായ നടപടികളിലൂടെ സ്വകാര്യ വല്‍ക്കരണത്തിന്റെ പാത തുറക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയുവാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഐ എന്‍ റ്റി യു സി നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.