ഇനി വഴി തെറ്റാതെ പോകാം; ഒപ്പമുണ്ട് യു കെ എഫിന്‍റെ ‘അയിഗ’

Kollam

കൊല്ലം: പാരിപ്പള്ളി യുകെഎഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ നടന്ന പ്രൊജക്ട് എക്‌സ്‌പോയില്‍ താരമായി ‘അയിഗ’. കോളേജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത ഇന്‍ട്രാക്ടീവ് ഗൈഡിങ് അസിസ്റ്റന്റ് റോബോട്ടാണ് അയിഗ. നൂതന ആശയങ്ങളെ മുന്‍നിര്‍ത്തി വിദ്യാര്‍ഥികള്‍ സ്വയം വികസിപ്പിച്ചെടുത്ത വിവിധ നിര്‍മിതികളാണ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചത്.

ഏറെ സവിശേഷതകളോടെയാണ് അയിഗയെ വികസിപ്പിച്ചിരിക്കുന്നത്. അപരിചിത സ്ഥലത്ത് എത്തുന്ന ഒരു വ്യക്തിക്ക് വഴികാട്ടിയാകും അയിഗ. റോബോട്ടില്‍ ഘടിപ്പിച്ചിട്ടുള്ള സ്‌ക്രീനില്‍ സ്ഥലത്തിന്റെ വിവരം നല്‍കിയാല്‍, അവിടേക്ക് പോകാനുള്ള വഴി ദൃശ്യങ്ങളിലൂടെയും ശബ്ദ സന്ദേശത്തോടെയും നമുക്ക് പറഞ്ഞു തരും എന്നുള്ളതാണ് പ്രധാന സവിശേഷത. ഗൂഗിള്‍ ടെക്സ്റ്റ് സ്പീച്ച് സംവിധാനം ഉപയോഗിച്ചാണ് ശബ്ദ സന്ദേശ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. റോബോട്ടിന്റെ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന ആന്‍ഡ്രോയിട് സോഫ്‌റ്റ്വെയറും വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്തതാണ്. വ്യക്തികളുടെ മുഖം തിരിച്ചറിഞ്ഞ് അറ്റന്റന്‍സ് രേഖപ്പെടുത്തുന്ന സംവിധാനവും റോബോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ ക്യാമറകളും റോബോട്ടില്‍ ഘടിപ്പിച്ചിട്ടുണ്ട്. റിമോട്ട് കണ്‍ട്രോളും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ച് 6 അടി ഉയരവും 30 കിലോ ഭാരവുമുള്ള റോബോട്ടിനെ നിയന്ത്രിക്കാന്‍ സാധിക്കും.

ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ.നീതു രാജ്.ആര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ രേഷ്മാ മോഹന്‍, പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ നീതു സൂസന്‍ അലക്‌സ് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ ആരോണ്‍.പി.ബിനു, അര്‍ച്ചന.എസ്, അലീന.ബി, അനന്ദു.എസ് എന്നിവരുടെ സംഘമാണ് അയിഗ എന്ന റോബോട്ടിനെ വികസിപ്പിച്ചത്. കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ.ജിബി വര്‍ഗീസ്, ഡീന്‍ ഡോ.ജയരാജു മാധവന്‍, പ്രിന്‍സിപ്പാള്‍ ഡോ.ഇ.ഗോപാലകൃഷ്ണ ശര്‍മ, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.അനീഷ്.വി.എന്‍ എന്നിവര്‍ പങ്കെടുത്തു.