ഇസ്രായലിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മധ്യവയസ്‌ക പിടിയില്‍

Kollam

കൊല്ലം: ഇസ്രായലില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മധ്യവയസ്‌ക പിടിയില്‍. കൊല്ലം ഇരവിപുരം പുത്തന്‍നട നഗര്‍ നിള ഭവനില്‍ ഷീജ മൈക്കിള്‍ (55) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതി അഭിലാല്‍ രാജു ഒളിവിലാണ്. ഡല്‍ഹിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. നിരവധി പേരില്‍ നിന്നും ജോലി നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ പണം തട്ടിയെന്നാണ് പരാതി.

വിവിധ നടപടി ക്രമങ്ങള്‍ പറഞ്ഞ് ഓരോരുത്തരില്‍ നിന്നും ഏഴുലക്ഷം രൂപവീതമാണ് ഇവര്‍ കൈക്കലാക്കിയത്. പണം നല്‍കി ഏറെ നാള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെയാണ് തട്ടിപ്പിന് ഇരയായവര്‍ പരാതിയുമായി രംഗത്തെത്തിയത്.

ചവറ, ഇരവിപുരം, അഞ്ചാലുംമൂട് പൊലീസ് സ്‌റ്റേഷനുകളിലും ഇവര്‍ക്കെതിരെ പരാതിയുണ്ട്. കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ മെറിന്‍ ജോസഫിന്റെ നിര്‍ദേശപ്രകാരം ശക്തികുളങ്ങര എസ്.ഐ ആശ ഐ.വി, ചവറ എസ്.ഐ ഹാരിസ്, ശക്തികുളങ്ങര എസ്.സി.പി.ഒ ജയകുമാരി, ഇരവിപുരം സി.പി.ഒ സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.