മതനിരപേക്ഷ നിലപാടുകള്‍ സംരക്ഷിക്കുമ്പോഴാണ് അഭിമാനത്തോടുകൂടി ഇവിടെ ജീവിക്കാന്‍ കഴിയുക: ടി പി അബ്ദുല്ലക്കോയ മദനി

News

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക

കോഴിക്കോട്: ഇന്ത്യയുടെ മതനിരപേക്ഷ നിലപാടുകള്‍ സംരക്ഷിക്കുമ്പോഴാണ് അഭിമാനത്തോടുകൂടി ഇവിടെ ജീവിക്കാന്‍ കഴിയുകയെന്ന് ബോധ്യപ്പെടുത്താനാണ് മുജാഹിദ് സമ്മേളന പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി പറഞ്ഞു. മുജാഹിദ് സമ്മേളന വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയും തീവ്രവാദവും സമൂഹം നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കുകയും പരസ്പര വിശ്വാസം തകര്‍ക്കുകയും ചെയ്യും. ഈ അപകടത്തെക്കുറിച്ച് സമൂഹത്തെ ഉണര്‍ത്തുക എന്നതും സമ്മേളനത്തിന്റെ ലക്ഷ്യമാണ്.

സമ്മേളനത്തില്‍ ഫാഷിസം തീവ്രവാദം പ്രതിരോധം എന്ന വിഷയത്തില്‍ ഒരു സെഷന്‍ തന്നെ ഉണ്ട് എന്നിരിക്കെ, മറിച്ചുള്ള വിമര്‍ശനങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുവാനുള്ള പ്രചാരണമാണ്. മത വിശ്വാസമില്ലാത്തവര്‍ പോലും സമ്മേളനത്തില്‍ അതിഥികളായി എത്തുന്നുണ്ട്. ഒരു ബഹുമത സമൂഹത്തില്‍ എല്ലാവരും പറയുന്നത് കേള്‍ക്കുകയെന്നതിന്റെ ഭാഗമായാണത്. അതില്‍ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന നന്മയുണ്ടെങ്കില്‍ തീര്‍ച്ചയായും ഉള്‍ക്കൊള്ളും. മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തുവെന്നത് കൊണ്ട് ശാക്കീര്‍ നായിക്കിനെ സലഫി പണ്ഡിതനാണെന്ന് എങ്ങനെ പറയാനാകും. അദ്ദേഹം സലഫി പണ്ഡിതനാണെന്ന അഭിപ്രായമില്ല.

സാദീഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ള തങ്ങള്‍ കുടുംബത്തിലെ എല്ലാവരെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. അതില്‍ വരുവാന്‍ സമ്മതമറിയിച്ചവരുടെ പേര് മാത്രമാണ് പോഗ്രാം നോട്ടീസില്‍ ഉള്‍ക്കൊള്ളിച്ചത്. മന്ത്രവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അതിനെ ന്യായീകരിക്കുന്നവര്‍ കൂടി വരുമ്പോഴാണ് അതൊരു അര്‍ഥവത്തായ സംവാദമായി മാറുകയെന്നും ടി പി പറഞ്ഞു.

വിദേശ പണ്ഡിതന്മാരെ കൊണ്ടുവരുമ്പോഴുള്ള പല വിധ ഫോര്‍മാലിറ്റീസും പെട്ടെന്ന് ചെയ്തു കിട്ടുവാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് അധികം വിദേശ പണ്ഡിതന്മാര്‍ പരിപാടിയില്‍ അതിഥികളായി എത്താത്തതെന്നും അദ്ദേഹം പറഞ്ഞു. തന്റെ വിവാദമായ അഭിമുഖത്തില്‍ ആര്‍ എസ് എസിനെയടക്കം താന്‍ വിമര്‍ശിക്കുന്നത് മറിച്ചു വെച്ചു കൊണ്ടാണ് പ്രചരിപ്പിക്കുന്നതെന്ന് കെ എന്‍ എം സെക്രട്ടറിമാരിലൊരാളായ ഡോ. ഏ ഐ അബ്ദുള്‍ മജീദ് സ്വലാഹി ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *