പ്രധാനമന്ത്രി രാജിവെക്കണം: എന്‍ സി പി

Wayanad

കല്പറ്റ: റോമാസാമ്രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ പോലെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഒരു സംസ്ഥാനം കത്തി അമരുമ്പോള്‍ തുടരെ തുടരെ വിദേശ യാത്രകള്‍ നടത്തുകയും മണിപ്പൂര്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ മൗനം ഭജിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി രാജിവെക്കണമെന്ന് എന്‍ സി പി കല്പറ്റ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. വര്‍ഗീയ വിഷത്തിന്റെ തീജ്വാലയില്‍ കത്തിയമരുന്നവരുടെ രോദനങ്ങള്‍ കേള്‍ക്കാതിരിക്കുകയും നാനാജാതി മതസ്ഥരായ ജനവിഭാഗങ്ങളെ ചേര്‍ത്തുപിടിക്കാന്‍ കഴിയാത്തതും ആക്രമിക്കപ്പെട്ട സമുദായത്തിന്റെയും കുടുംബങ്ങളുടെയും രോദനങ്ങളും വേദനകളും കണ്ടില്ലെന്നു നടിക്കുകയുമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ചെയ്യുന്നത്. അതുകൊണ്ട് തന്നെ സ്ഥാനത്തിരിക്കന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്ന് എന്‍ സി പി കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റി വിലയിരുത്തി.

എന്‍ സി പി മഹാരാഷ്ട്ര ഘടകത്തില്‍ ഉണ്ടായ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ശരത് പവാറിനും പി സി ചാക്കോക്കും പൂര്‍ണ്ണ പിന്തുണ നല്‍കുവാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ ഏ പി ഷാബു അധ്യക്ഷത വഹിച്ചു. സി എം ശിവരാമന്‍, ഷാജി ചെറിയാന്‍, വന്ദന ഷാജൂ, ജോണി കൈതമറ്റം, ജെയിംസ് മാകുന്തില്‍, രാജന്‍ മൈക്കിള്‍ ജോസ്, പദ്മനാദന്‍, സ്റ്റീഫന്‍, സദാനന്ദന്‍, അശോകന്‍, സലിം കടവന്‍, അഡ്വ. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.