മികച്ച ശമ്പള പരിഷ്‌ക്കരണവും മുടങ്ങാത്ത ക്ഷാമബത്തയും ഉമ്മന്‍ ചാണ്ടി ഭരണകാലം: കെ എസ് എസ് പി എ

Kannur

തളിപ്പറമ്പ: ജനഹൃദയങ്ങളില്‍ ഇടം നേടിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജീവനക്കാരേയും അധ്യാപകരേയും സര്‍വീസ് പെന്‍ഷന്‍കാരേയും എക്കാലത്തും ചേര്‍ത്തു പിടിച്ചിരുന്നുവെന്നു കെ.എസ്.എസ്.പി.എ (കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റി അനുശോചന യോഗത്തില്‍ അനുസ്മരിച്ചു. മിനിമം സര്‍വീസില്ലാത്ത എക്‌സ് ഗ്രേഷ്യ പെന്‍ഷന്‍കാര്‍ക്ക് ലഭിച്ചുക്കൊണ്ടിരുന്ന നാമമാത്ര പെന്‍ഷന്‍ തുക ഇരട്ടിയാക്കി ക്ഷാമബത്തയോടെ അനുവദിച്ചതും പെന്‍ഷന്‍ പരിഷ്‌ക്കരണത്തില്‍ എക്‌സ് ഗ്രേഷ്യ പെന്‍ഷന്‍കാരെ ശമ്പള പരിഷ്‌ക്കരണത്തില്‍ 10-ാം ശമ്പള പരിഷ്‌കരണം മുതല്‍ ഉള്‍പ്പെടുത്തിയതും ഉമ്മന്‍ ചാണ്ടി സര്‍ക്കാറായിരുന്നുവെന്നും യോഗം ചൂണ്ടിക്കാട്ടി. 1992ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഉമ്മന്‍ ചാണ്ടി ധനമന്ത്രിയായിരുന്നപ്പോഴാണ് കേന്ദ്ര നിരക്കില്‍ ഉയര്‍ന്ന ശമ്പള പെന്‍ഷന്‍ പരിഷ്‌ക്കരണമുണ്ടായത്. 2011ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആയിരക്കണക്കിന്ന് അധ്യാപകര്‍ക്ക് നിയമനം നല്‍കി അധ്യാപക പാക്കേജുമുണ്ടാക്കി. 18 ശതമാനം ഫിറ്റ്‌മെന്റ് ബെനിഫിറ്റ് 10ാം ശമ്പള പരിഷ്‌ക്കരണം വഴി നടപ്പാക്കിയതും കാലാനുസൃതം ലഭിക്കേണ്ട ക്ഷാമബത്ത കുടിശ്ശികയാക്കാതെ നല്‍കിയതും ഉമ്മന്‍ ചാണ്ടി സര്‍ക്കാറായിരുന്നുവെന്നും കെ.എസ്.എസ്.പി.എ അവകാശപ്പെട്ടു.

ബ്ലോക്ക് പ്രസിഡന്റ് പി.സുഖദേവന്‍ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണന്‍, അപ്പലേറ്റ് സമിതിയംഗം സി.എല്‍ ജേക്കബ്, ബ്ലോക്ക് സെക്രട്ടറി പി.ടി.പി.മുസ്തഫ, യു.നാരായണന്‍, പി.ഗോവിന്ദന്‍,പി. കൃഷ്ണന്‍, ഇ.വിജയന്‍, ഒ.വി ശോഭന,എം.കെ കാഞ്ചന കുമാരി,പി.ജെ മാത്യു,കെ.മധു,കെ.വി പ്രേമരാജന്‍ പ്രസംഗിച്ചു.