കോഴിക്കോട്: നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന മലനിരകളുടെ കാഴ്ചകളാണ് കോട്ടൂര്‍ പഞ്ചായത്തിലെ കൂട്ടാലിട അങ്ങാടിയെ മനോഹരമാക്കുന്നത്. പ്രകൃതി നല്‍കിയ സൗന്ദര്യത്തിന് പുറമേ കൂടുതല്‍ അണിഞ്ഞൊരുങ്ങാന്‍ പോവുകയാണ് കൂട്ടാലിട. വിനോദം, കല, കായികം, വ്യാപാരം തുടങ്ങിയവയില്‍ സമഗ്രവികസനം ലക്ഷ്യം വെച്ചുകൊണ്ടാണ് കൂട്ടാലിടയില്‍ സൗന്ദര്യവത്കരണം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.
ടൗണിന് പിന്നിലൂടെ മെയിന്‍ റോഡിന് സമാന്തരമായി പോകുന്ന കുറ്റിയാടി ഇറിഗേഷന്‍ പ്രൊജക്ടിന്റെ സ്ഥലത്താണ് സൗന്ദര്യവത്കരണ പദ്ധതി നടപ്പാക്കുന്നത്. പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ കോട്ടൂര്‍ പഞ്ചായത്ത് ഓഫീസ് വരെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ മോടി കൂട്ടും. കനാലിന്റെ ഇരുവശങ്ങളിലും വീഥിയൊരുക്കും. ഹാന്‍ഡ് റെയില്‍സ്, ഇരിപ്പിടങ്ങള്‍, കുട്ടികളുടെ പാര്‍ക്ക്, വോളിബോള്‍ കോര്‍ട്ട്, ഗ്യാലറി, വൈദ്യുത ദീപ നിര, പാര്‍ക്കിങ് ഏരിയ, വയോജന പാര്‍ക്ക്, ഓപ്പണ്‍ ജിം, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ശുചി മുറികള്‍ എന്നിവയും ഉണ്ടാകും.
കനാല്‍ തീരത്ത് ചെറിയ കടകള്‍ പണിയും. കനാലിന്റെ ഇരുവശവും ബന്ധിപ്പിക്കാന്‍ താത്ക്കാലിക പാലവും നിര്‍മിക്കും. അഞ്ച് കോടി രൂപയുടെ വികസനമാണ് പ്രാഥമിക ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തിട്ടുണ്ട്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപയും അനുവദിച്ചു. ബാക്കി തുക ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലത്തില്‍ കണ്ടെത്തും. ഇറിഗേഷന്റെ സ്ഥല സര്‍വേ നടപടി അന്തിമ ഘട്ടത്തിലാണ്.