കോഴിക്കോട്: പുതിയ മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെ പി സി സി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍. ഇടതു മുന്നണി പ്രകടന പത്രികയില്‍ പറഞ്ഞതിന് വിരുദ്ധമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് ജനങ്ങളോടുള്ള വഞ്ചനയാണ്. തലമുറകളുടെ നാശത്തിനാണ് സര്‍ക്കാര്‍ തീരുമാനം വഴിവെയ്ക്കുകയെന്നും യാഥാര്‍ഥ്യം മനസിലാക്കാതെ മുന്നോട്ടു പോകരുതെന്നും വി എം സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വിലക്കയറ്റം ഉള്‍പ്പെടെ ജനജീവിതത്തെ ബാധിക്കുന്ന പ്രശ്‌നം പരിഹരിക്കാതെ മദ്യ വ്യാപനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. പൊതുജനം വേണ്ടെന്ന് പറഞ്ഞാലും സര്‍ക്കാര്‍ കുടിപ്പിച്ച് കിടത്തിയേ മതിയാകൂ എന്ന മട്ടിലാണ്. മദ്യവും മയക്കുമരുന്നുമില്ലാതെ ജീവിക്കാമെന്ന് കോവിഡ് കാലത്ത് തെളിഞ്ഞതാണ്. കുറ്റകൃത്യങ്ങള്‍ കുറഞ്ഞ കാലഘട്ടമായിരുന്നു അത്. വരുമാനത്തിനായി വീണ്ടും മദ്യശാലകള്‍ തുറക്കുന്നതെങ്കില്‍ അത് മൂലം ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ക്കും മറ്റും സര്‍ക്കാര്‍ അതിന്റെ ഇരട്ടി ചെലവാക്കേണ്ടി വരുമെന്നും സുധീരന്‍ പറഞ്ഞു. സംസ്ഥാനത്ത് നിലവിലുള്ള മദ്യശാലകളുടെ കണക്കുകളില്‍ പോലും സുതാര്യതയില്ല. എക്‌സൈസിന്റെ സൈറ്റിലെ ബാറുകളുടെ കണക്കുകള്‍ പോലും അപ്രത്യക്ഷമായിരിക്കുന്നു.
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സംസ്ഥാന വ്യാപകമായി ബോധവല്‍ക്കരണം നടത്തുന്ന സര്‍ക്കാര്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നത് കാപട്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മദ്യവിമുക്ത കേരളമാണ് കോണ്‍ഗ്രസ് ലക്ഷ്യം. അത് നേരത്തെ വ്യക്തമാക്കിയതാണ്. സര്‍ക്കാരിന്റെ മദ്യനയം സാമൂഹ്യവിഷയമായി കണ്ട് സമൂഹം ഒന്നടങ്കം ഇതിനെതിരെ പ്രതിഷേധിക്കണമെന്നും ആവശ്യപ്പെട്ടു. കരിമണല്‍ ധാതുഖനനം സ്വകാര്യമേഖലയ്ക്ക് വിട്ടു നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ആപല്‍ക്കരമാണെന്നും തീരുമാനം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനയ്ക്ക് നീതി ലഭിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം. ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ തടയാന്‍ നടപടിയെടുത്തത് പോലെ രോഗികളുടെ ജീവനും സുരക്ഷയും ഉറപ്പാക്കാന്‍ നടപടിവേണമെന്നും ഹര്‍ഷിനയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍, കെ സി അബു, യു വി ദിനേശ് മണി എന്നിവര്‍ പങ്കെടുത്തു.