മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: ആവേശമായി ക്രോസ് കണ്‍ട്രി മത്സരം

Sports

കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പ് ആഗസ്റ്റ് നാല്, അഞ്ച്, ആറ് തിയ്യതികളില്‍ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി നടത്തുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ക്രോസ് കണ്‍ട്രി മത്സരം ആവേശമായി. പുരുഷന്‍മാരുടെ മത്സരം പുല്ലൂരാംപാറയില്‍ നിന്നും വനിതകളുടെ മത്സരങ്ങള്‍ നെല്ലിപ്പൊയിലില്‍ നിന്നും ആരംഭിച്ച് കോടഞ്ചേരിയില്‍ സമാപിച്ചു. മത്സരത്തില്‍ മുപ്പതോളം താരങ്ങള്‍ പങ്കെടുത്തു.

മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയാണ് ക്രോസ് കണ്‍ട്രി മത്സരം സംഘടിപ്പിച്ചത്. രാവിലെ എട്ട് മണിക്ക് പുല്ലൂരാംപാറ കോടഞ്ചേരി മലയോര ഹൈവേയിലാണ് മത്സരങ്ങള്‍ നടന്നത്. പുരുഷ വിഭാഗം ക്രോസ് കണ്‍ട്രി പുല്ലൂരാം പാറയില്‍ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുലിക്കാട്ട് ഫ്‌ലാഗ് ഓഫ് ചെയ്തു. വനിതാ വിഭാഗം ക്രോസ് കണ്‍ട്രി നെല്ലിപ്പൊയിലില്‍ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ഫ്‌ലാഗ് ഓഫ് ചെയ്തു.

പുരുഷ വിഭാഗത്തില്‍ റോയല്‍ റണ്ണേഴ്‌സ് അംഗങ്ങള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. നൈജീരിയന്‍ താരം ഐസക് കോമര്‍ ഒന്നാമതും നബീല്‍ സാഹി രണ്ടാമതും, ജോസ് ഇല്ലിക്കല്‍ മൂന്നാമതും ഫിനിഷ് ചെയ്തു. മുഹമ്മദ് സാഹിര്‍ ,സൂരജ് എം .പി, അക്ഷയ് പ്രകാശ്, അജയ് ജോര്‍ജ്, ആല്‍ബിന്‍ ബേബി, ധീരജ് ചന്ദ്ര, അഭിജിത്ത് കെ.കെ, ആശിഷ് രാജ്, ബെനെയ്ഹ് സംഗത്ത്, നിര്‍മ്മല്‍ പി തുടങ്ങിയവര്‍ മത്സരം പൂര്‍ത്തിയാക്കി.

വനിതാ വിഭാഗത്തില്‍ സൂര്യ പി.എസ് ഒന്നാമതും, ആശ ടി.പി രണ്ടാമതും ജുവല്‍ ബിനു മൂന്നാമതും ഫിനിഷ് ചെയ്തു. ഡെല്‍ന അനില്‍, ഋതു നന്ദ, ഡോണ അനില്‍, ജീനാ മറിയ, അന്നാ മരിയ ടോബി, ഷാരോണ്‍ റോസ്, എന്നിവരും വ്യത്യസ്ഥ സമയങ്ങളില്‍ മത്സരം പൂര്‍ത്തിയാക്കി.

ഒന്നാം സ്ഥാനക്കാര്‍ക്ക്5000രൂപ, രണ്ടാം സ്ഥാനക്കാര്‍ക്ക് 3000 രൂപ, മൂന്നാം സ്ഥാനക്കാര്‍ക്ക് 2000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. ലിന്റോ ജോസഫ് എം.എല്‍.എ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

തിരുവമ്പാടി ഗ്രാമ പഞ്ചായഞ്ഞ് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, കോടഞ്ചേരി ഗ്രാമപഞ്ചായഞ്ഞ് പ്രസിഡന്റ് അലക്‌സ് തോമസ്, വൈസ് പ്രസിഡന്റ് ചിന്ന അശോകന്‍, അഡ്വഞ്ചര്‍ ടൂറിസം സി ഇ ഒ ബിനു കുര്യാക്കോസ്, മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി ചെയര്‍മാന്‍ പി.ടി അഗസ്റ്റില്‍, സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.