വിമന്‍ ഇന്ത്യാ മൂവ്‌മെന്‍റ് സാമൂഹിക സംഗമം നടത്തി

Wayanad

മാനന്തവാടി: മണിപ്പൂരില്‍ സ്ത്രീത്വങ്ങള്‍ പരസ്യമായ് അപമാനിക്കപ്പെടുമ്പോള്‍ മൗനം പാലിക്കുന്ന ഭരണകൂടങ്ങളോട് നാളെ ചരിത്രം കണക്കുചോദിക്കുമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി കെ കെ ഫൗസിയ പറഞ്ഞു. മാനന്തവാടി വയനാട് സ്‌ക്വയറില്‍ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സാമൂഹിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ലോകത്ത് ഏറ്റവും ശക്തമായ സ്ത്രീസുരക്ഷാ നിയമങ്ങളുള്ള രാജ്യമാണ് ഇന്ത്യ. പക്ഷെ, സ്ത്രീകള്‍ സ്വയം ശാക്തീകരണ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ട സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. മുമ്പ് ഗുജറാത്തിലെന്ന പോലെ ഇന്ന് മണിപ്പൂരിലും അക്രമങ്ങള്‍ തുടര്‍ക്കഥയാവുന്നത് അക്രമികള്‍ക്ക് ഭരണകൂടം ഒത്താശയും മൗനാനുവാദവും നല്‍കുന്നതു കൊണ്ടാണെന്നും അവര്‍ ആരോപിച്ചു.

ജില്ലാ പ്രസിഡന്റ് ജംഷീദ നൗഷാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ലസീത ടീച്ചര്‍, പി. ജമീല, കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും മുഴപ്പിലങ്ങാട് പഞ്ചായത്ത് മെമ്പറുമായ റെജീന ടീച്ചര്‍, ബബിത ശ്രീനു, സല്‍മ അശ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി നുഫൈസ റസാഖ് സ്വാഗതവും, നജ്‌ല പറക്കല്‍ നന്ദിയും പറഞ്ഞു.