മാപ്പിള കല അക്കാദമി ദശവാര്‍ഷികം ഉദ്ഘാടനം ചൊവ്വാഴ്ച

Malappuram

മലപ്പുറം: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദശവാര്‍ഷിക ആഘോഷം പരിപാടികള്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കവി സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ‘അറബി മലയാളവും മലയാളസാഹിത്യവും’ എന്ന വിഷയത്തിലുള്ള സെമിനാര്‍, കെ പി രാമനുണ്ണിയുടെ കൃതികളെ ആസ്പദമാക്കിയുള്ള രചന ചര്‍ച്ച എന്നിവ അരങ്ങേറും.

മലപ്പുറം ഗവണ്‍മെന്റ് കോളേജിലെ മഹാത്മാഗാന്ധി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ ഡോക്ടര്‍ ഹുസൈന്‍ രണ്ടത്താണി അധ്യക്ഷം വഹിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍, സി പി അബൂബക്കര്‍, ഡോക്ടര്‍ കെ കെ മുഹമ്മദ് അബ്ദുല്‍സത്താര്‍, ഡോക്ടര്‍ ഷംഷാദ് ഹുസൈന്‍, ബഷീര്‍ ചുങ്കത്തറ, ഫൈസല്‍ എളേറ്റില്‍, ഡോക്ടര്‍ പി കദീജ, സലാഹുദ്ദീന്‍ സി ടി, പുലിക്കോട്ടില്‍ ഹൈദരലി എന്നിവര്‍ പ്രഭാഷണം നടത്തും.

ഉച്ചയ്ക്കുശേഷം നടക്കുന്ന ‘എന്റെ രചനാലോകങ്ങള്‍. കെ പി രാമനുണ്ണി’ എന്ന പരിപാടിയില്‍ വിജു നായരങ്ങാടി അധ്യക്ഷത വഹിക്കും. സദസ്യരുടെ ചോദ്യങ്ങളുടെ പ്രതികരിച്ചുകൊണ്ട് കെ പി രാമനുണ്ണി പ്രഭാഷണം നടത്തും. കാവ്യ ഐ എസ് നന്ദി പറയും. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, കേരള സാഹിത്യ അക്കാദമി, ഗവണ്‍മെന്റ് കോളേജ് മലപ്പുറം മലയാളം വിഭാഗം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.