കൊടുവള്ളി: നഗരത്തിന്റേയും കടലിന്റെയും പറഞ്ഞ് കേട്ട കൗതുക കാഴ്ച്ചകള്‍ സ്വപനമായി കണ്ട വയനാട് പൊഴുതന ലൗ ഷോറിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് നഗരവും കടലും കാണാന്‍ അവസരം ഒരുക്കി അരങ്ങ് കലാ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍. വയനാട് പൊഴുതനയില്‍ പ്രവര്‍ത്തിക്കുന്ന ലൗ ഷോര്‍ വിദ്യാലയത്തിലെ 35 ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കാണ് കടലും നഗരവും കൗതുക കാഴ്ച്ചകളും കാണാന്‍ വിനോദയാത്ര ഒരുക്കിയത്.
വൈത്തിരി, പൊഴുതന, തരിയോട്, വെങ്ങാപ്പള്ളി പഞ്ചായത്തുകളിലെ തോട്ടം മേഖലകളില്‍ ജോലി ചെയ്ത് വരുന്ന തീര്‍ത്തും നിര്‍ധനകുടംബത്തിലുള്ള കുട്ടികളാണ് ലൗ ഷോറില്‍ പഠിക്കുന്നത്. ജീവിതത്തിലിന്ന് വരേയും സ്വന്തം വീടും സ്‌കൂളുമല്ലാതെ ഇവര്‍ക്ക് പുറം നാട്ടിലെ കാഴ്ച്ചകള്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ആറ് വയസ്സ് മുതല്‍ 48 വയസ്സ് വരെയുള്ള പരസഹായത്തോടെ മാത്രം ജീവിതം തള്ളിനീക്കുന്ന ലൗ ഷോറിലെ വിദ്യാര്‍ഥികളായ ഭിന്നശേഷിക്കാരാണ് യാത്രയില്‍ പങ്കെടുത്തത്.
രാവിലെ ഏഴിന് യാത്ര പുറപ്പെട്ട സംഘം പ്ലാനറ്റേറിയവും കാപ്പാട് ബീച്ചും, കോഴിക്കോട് ബീച്ചും മതിയോളം കണ്ടാസ്വദിച്ച് വൈകീട്ടോടെ യാത്ര തിരിച്ചു. വിദ്യാര്‍ഥികള്‍ക്കൊപ്പം അവരുടെ രക്ഷിതാക്കളും അധ്യാപകരും അരങ്ങ് കലാ സാംസ്‌കാരിക വേദി പ്രവര്‍ത്തകരും അനുഗമിച്ചു. അവശ കലാകാരന്‍മാരെയും ഭിന്നശേഷി വിദ്യാര്‍ഥികളേയും കാന്‍സര്‍ ബാധിതരേയും സഹായിക്കുന്നതിന് അരങ്ങിന്റെ നേതൃത്വത്തിന്‍ നടന്ന് വരുന്ന സാന്ത്വനം പദ്ധതിയുടെ ഭാഗമായാണ് വിനോദയാത്ര സംഘടിപ്പിച്ചത്.
ലൗ ഷോറിലെ 35 ഭിന്നശേഷി വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പരിചാരകര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് വസ്ത്രങ്ങള്‍, ഭക്ഷണ കിറ്റുകള്‍, ധനസഹായം എന്നിവ വിതരണം ചെയ്യുകയും അരങ്ങ് പ്രവര്‍ത്തകര്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികളുടേയും ഒരു വര്‍ഷത്തെ ചിലവും ഏറ്റെടുത്തിട്ടുണ്ട്. അരങ്ങ് രക്ഷാധികാരി മുന്‍ എം എല്‍ എ കാരാട്ട് റസാഖ്, മൈ ജി ചെയര്‍മാന്‍ എ കെ ഷാജി, അരങ്ങ് കലാസാംസ്‌കാരിക വേദി ചെയര്‍മാന്‍ കെ കെ അലി കിഴക്കോത്ത്, കണ്‍വീനര്‍ അഷ്‌റഫ് വാവാട്, ട്രഷറര്‍ ടി പി അബ്ദുല്‍ മജീദ്, എ കെ അഷ്‌റഫ്, സൈന്‍ മുഹമ്മദ് ഫാരിസ്, ഹസ്സന്‍ കച്ചേരിമുക്ക്, പി വി എസ് ബഷീര്‍, കലാം വാടിക്കല്‍, പ്രിന്‍സിപ്പാള്‍ സ്മിത ഷാജു, ലൗ ഷോര്‍ ട്രസ്റ്റ് ചെയര്‍മാന്‍ മുനീര്‍, സൈന്‍ റഷീദ് തുടങ്ങിയവര്‍ യാത്രക്ക് നേതൃത്വം നല്‍കി.