മതേതര പ്രതിപക്ഷം ഒറ്റക്കെട്ടാവുക: കെ എന്‍ എം മര്‍ക്കസുദ്ദഅവ

Malappuram

പുളിക്കല്‍: ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടേണ്ട പാര്‍ലമെന്റില്‍ പോലും അങ്ങേയറ്റം അസ്വീകാര്യമായ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് ഭരണപക്ഷം ചെയ്യുന്നതെന്ന് കെ എന്‍ എം കൊണ്ടോട്ടി മണ്ഡലം എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. മനുഷ്യര്‍ക്കിടയില്‍ ധ്രുവീകരണം നടത്തിയും ആസൂത്രിതമായി വംശീയ കലാപം സൃഷ്ടിച്ചും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ കോപ്പുകൂട്ടുകയാണ് സംഘപരിവാര്‍. ഇതിനെതിരെ മതേതര പ്രതിപക്ഷം ഒറ്റക്കെട്ടാവണം. മര്‍കസുദ്ദഅവ കൊണ്ടോട്ടി മണ്ഡലം എക്‌സിക്യൂട്ടീവ് മീറ്റ് അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്തു.

കരിപ്പൂരില്‍ വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മീറ്റില്‍ കെ.എന്‍.എം മണ്ഡലം പ്രസിഡന്റ് ചുണ്ടക്കാടന്‍ മുഹമ്മദലി അധ്യക്ഷനായി. സ്വാതന്ത്ര്യ ദിനത്തില്‍ പുളിക്കലില്‍ വെച്ച് ഐ.എസ്.എം കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ‘മഹിതം മാനവീയം’ എന്ന പ്രമേയത്തില്‍ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിക്കും.

യോഗത്തില്‍ സഗീര്‍ മൗലവി, എം.കെ ബഷീര്‍ മാസ്റ്റര്‍, അഹമ്മദ് സാഹിര്‍, എം. അബ്ദുള്ള മദനി, ഷബീര്‍ അഹമ്മദ്, സാലിം തവനൂര്‍, ഷാദിന്‍ പുളിക്കല്‍, സുലൈമാന്‍ മാസ്റ്റര്‍, അലി അഷ്‌റഫ് പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.