മുജാഹിദ് സംസ്ഥാന സമ്മേളനം: ജില്ല പ്രചാരണോദ്ഘാടനം ആഗസ്റ്റ് 12ന് അരീക്കോട്ട്

Malappuram

അരീക്കോട്: ‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ എന്ന സന്ദേശവുമായി 2024 ജനുവരി 25, 26, 27, 28 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മലപ്പുറം ഈസ്റ്റ് ജില്ല പ്രചാരണോദ്ഘാടനം ആഗസ്റ്റ് 12 ശനി 4 മണിക്ക് അരീക്കോട് കെ.എന്‍.എം മര്‍ക്കസ്സുദ്ദഅവ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ഉമ്മര്‍ സുല്ലമി നിര്‍വ്വഹിക്കും. സംഘാടക സമിതി ജില്ല ചെയര്‍മാന്‍ ഡോ: യു.പി യഹ് യഖാന്‍ മദനി അധ്യക്ഷത വഹിക്കും. കെ.എന്‍.എം.മര്‍ക്കസ്സുദ്ദഅവ സംസ്ഥാന സെക്രട്ടറിമാരായ എം. ടി മനാഫ്, ഇസ്മായില്‍ കരിയാട്, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍ എന്നിവര്‍ പ്രഭാഷണം നടത്തും. കെ. ടി അഷ്‌റഫ് (മുസ്ലീം ലീഗ്), അജീഷ് എടാലത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ) ഭാസ്‌ക്കരന്‍ (സി.പി.എം), ഐ.എസ് എം. ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിലക്കാട്, എം.എസ്.എം. ജില്ല പ്രസിഡന്റ് സഹീര്‍ പുല്ലൂര്‍, എം.ജി.എം ജില്ല സെക്രട്ടറി ത്വാഹിറ എന്നിവര്‍ പ്രസംഗിക്കും.

ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന ദുഷ്ട ശക്തികളില്‍ നിന്നും രാജ്യത്തെ വീണ്ടെടുക്കാനുള്ള കര്‍മ പദ്ധതികള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. വര്‍ഗീയ തീവ്രവാദ ശക്തികള്‍ക്കെതിരെ വിശ്വമാനവിക സന്ദേശം പ്രചരിപ്പിക്കാനും പ്രാവര്‍ത്തിക്കമാക്കാനുമുള്ള പുതുതലമുറയെ ലക്ഷ്യം വെച്ച് വിപുലമായ പ്രചാരണ ബോധവത്കരണത്തിന് സമ്മേളനം തുടക്കം കുറിക്കും.

മുസ്‌ലിം സ്ത്രീകളുടെ പൊതു ഇടങ്ങളിലെ പങ്കാളിത്തം ക്രിയാത്മകമായി സാധിച്ചെടുക്കാനും സ്ത്രീകളുടെ അഭിമാനകരമായ അസ്തിത്വവും ധാര്‍മികമായ മുന്നേറ്റവും ലക്ഷ്യം വെച്ചും സ്ത്രീ ശാക്തീകരണ പദ്ധതികളും സമ്മേളനം ആവിഷ്‌കരിക്കും.

ശാസ്ത്ര സാങ്കേതിക വികാസം ശക്തിപ്പെട്ടിട്ടും വര്‍ധിച്ചു വരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സമൂഹത്തെ ബോധവത്കരിക്കാന്‍ വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ തേടും. ആത്മീയ തട്ടിപ്പുകാര്‍ക്കും ആത്മീയ വാണിഭ കേന്ദ്രങ്ങള്‍ക്കുമെതിരില്‍ ഭരണകൂടത്തിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ വ്യാപകമായ സമര മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യും. കേരളത്തിലെ ഇസ്വ്‌ലാഹീ നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായി മാറും വിധമാണ് സമ്മേളന പ്രോഗ്രാം തയ്യാറാക്കുന്നത്.

സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ ആയിരത്തിലധികം ഗൃഹാങ്കണ സംഗമങ്ങള്‍ സംഘടിപ്പിക്കും. മെഡിക്കല്‍ ക്യാമ്പുകള്‍, രക്തദാന ക്യാമ്പുകള്‍, കിഡ്‌നി രോഗനിര്‍ണയ ക്യാമ്പുകള്‍, പുസ്തക മേളകള്‍ എന്നിവ നടത്തും. ഇതര മതവിഭാഗങ്ങളുമായി സൗഹാര്‍ദ്ദവും സഹവര്‍തിത്ത്വവും ശക്തമാക്കുന്നതിനായി റസിഡന്‍സ് അസോസിയേഷന്‍ സ്‌നേഹ സംഗമങ്ങള്‍ നടത്തും. കലാ, കായിക വൈജ്ഞാനിക മത്സരങ്ങളും പ്രബന്ധ രചനാ മത്സരങ്ങളും നടത്തും.

മത, രാഷ്ട്രീയ, സാംസ്‌കാരിക നേതൃത്വങ്ങളുടെ ഗെറ്റ്റ്റുഗതര്‍, സേവന പ്രവര്‍ത്തനങ്ങള്‍ ബോധവത്കരണ റാലികള്‍, പദയാത്രകള്‍, വാഹന സന്ദേശ പ്രയാണം തുടങ്ങി വിപുലമായ പദ്ധതികളാണ് സമ്മേളനത്തിന്റെ മുന്നോടിയായി ആവിഷ്‌കരിച്ചിട്ടുള്ളത്. ജില്ല, മണ്ഡലം തലങ്ങളില്‍ സെമിനാറുകളും സംവാദങ്ങളും സര്‍ഗ വിരുന്നുകളും സൗഹൃദ കൂട്ടായ്മകളും സംഘടിപ്പിക്കും.

പത്രസമ്മേളനത്തില്‍ കെ. അബ്ദുല്‍ അസീസ് (ജനറല്‍ കണ്‍വീനര്‍ ജില്ല സംഘാടക സമിതി), എം.പി അബ്ദുല്‍ കരീം സുല്ലമി(ട്രഷറര്‍ കെ.എന്‍.എം.മര്‍ക്കസ്സുദ അവ), എ. നൂറുദ്ദീന്‍ എടവണ്ണ(ചെയര്‍മാന്‍ മീഡിയ), കെ.അബ്ദുറഷീദ് ഉഗ്രപ്പുരം (സെക്രട്ടറി കെ.എന്‍.എം മര്‍ക്കസ്സുദ്ദഅവ), ഡോ: എന്‍ ലബീദ് കണ്‍വീനര്‍ ജില്ല സംഘാടക സമിതി) എന്നിവര്‍ പങ്കെടുത്തു.