വൈലോപ്പിള്ളി ഭവനില്‍ ആവണി ചിലങ്കകള്‍; നൃത്തസന്ധ്യക്ക് ആഗസ്റ്റ് 17ന് തുടക്കമാകും

Thiruvananthapuram

തിരുവനന്തപുരം: ചിങ്ങ മാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന അനന്തപുരിക്ക് ലാസ്യ നടനത്തിന്റെ രാവുകള്‍ സമ്മാനിക്കാന്‍ സാംസ്‌കാരിക വകുപ്പ് ആവണി ചിലങ്കകള്‍ എന്ന പേരില്‍ നൃത്ത സന്ധ്യ സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധോദ്ദേശ്യ സാംസ്‌കാരിക സമുച്ചയമായ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ചിങ്ങമാസത്തിലെ ആദ്യ സന്ധ്യയില്‍ പ്രശസ്ത നര്‍ത്തകി സിത്താര ബാലകൃഷ്ണന്റെ മോഹിനിയാട്ടവും രണ്ടാം സന്ധ്യയില്‍ പ്രശസ്ത നര്‍ത്തകി ഡോ. രാജി സുബിന്റെ കേരള നടനവും അരങ്ങേറും.

2023 ആഗസ്റ്റ് 17, 18 തീയതികളില്‍ വൈകുന്നേരം 6.30ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ കൂത്തമ്പല ത്തില്‍ അരങ്ങേറുന്ന ആവണിച്ചിലങ്കകള്‍ എന്ന നൃത്തസന്ധ്യ കലസ്വാദകര്‍ക്ക് സമ്മാനിക്കുക പുത്തന്‍ ദൃശ്യാനുഭവം. പരിപാടിയുടെ ഉദ്ഘാടനം ആഗസ്റ്റ് 17 വൈകിട്ട് 6 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി. എസ്. പ്രദീപ് അധ്യക്ഷത വഹിക്കും. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സെക്രട്ടറി പി.എസ്. മനേക്ഷ് സ്വാഗതം ആശംസിക്കും.