മകളുടെ വിവാഹ ദിനത്തില്‍ കിടപ്പാടമില്ലാത്ത മൂന്ന് കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭൂമി നല്‍കി മാതൃകയായി ബി ജെ പി നേതാവ്

Malappuram

പാണ്ടിക്കാട്: മകളുടെ വിവാഹ ദിനത്തില്‍ ബി ജെ പി നേതാവിന്റെ പ്രവര്‍ത്തനം മാതൃകയായി. സ്വന്തമായി ഭൂമിയും കിടപ്പാടവുമില്ലാത്ത മൂന്ന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് വീതം വീട് വെക്കാനുള്ള സ്ഥലം നല്‍കി മാതൃകയായിരിക്കുകയാണ് ജില്ലയിലെ മുതിര്‍ന്ന ബി ജെ പി നേതാവും സംസ്ഥാന സമിതി അംഗവുമായ അഡ്വ എന്‍ ശ്രീപ്രകാശ്. മകള്‍ ഡോ. അപര്‍ണ്ണയുടെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷമാണ് ഭൂമി കുടുംബങ്ങള്‍ക്ക് നല്‍കിയത്.

പാണ്ടിക്കാട് പഞ്ചായത്തിലെ ദീപ കുന്നുമ്മല്‍, മാരിയപ്പന്‍ കുളിക്കാട്ടിരി, തുവ്വൂര്‍ പഞ്ചായത്തിലെ സുനീറ ആനപ്പട്ടത്ത് എന്നിവര്‍ക്കാണ് മൂന്ന് സെന്റ് വീതം ഭൂമി സൗജന്യമായി നല്‍കിയത്. ഭൂമി രജിസ്റ്റര്‍ ചെയ്ത് കൊടുത്തതിന്റെ രേഖകള്‍ അഡ്വ ശ്രീപ്രകാശിന്റെ പത്‌നി ഷെഫാ ശ്രീപ്രകാശ് മൂന്ന് വ്യക്തികള്‍ക്കും കൈമാറി. പാണ്ടിക്കാട് പൂന്താനം വിദ്യാപീഠം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനും തമ്പാനങ്ങാടി ശ്രീകരിങ്കാളികാവ് ക്ഷേത്രകമ്മിറ്റി പ്രസിഡന്റുമായ ഇദ്ദേഹം ഇതിന് മുമ്പും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.