സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്ക് മരുന്ന് കച്ചവടം; രണ്ട് യുവതികളടക്കം നാലുപേര്‍ പിടിയില്‍

Kerala

തൃശൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് കച്ചവടം നടത്തുന്ന സംഘത്തിലെ നാലുപേര്‍ പൊലീസിന്റെ പിടിയില്‍. കൂറ്റനാട് സ്വദേശികളായ ഷഫീഖ് (32), അനസ് (26), ആലപ്പുഴ ആര്‍ത്തുങ്കല്‍ സ്വദേശിനി ഷെറിന്‍ (29), കൊല്ലം സ്വദേശിനി സുരഭി (23) എന്നവരാണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്.

ഇവര്‍ കുന്നംകുളത്ത് ലോഡ്ജ് എടുത്ത് താമസിച്ചുവരികായിരുന്നു. പ്രതികളില്‍ നിന്നും അഞ്ച് ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെത്തിയത്. കുന്നംകുളത്തെ വിവിധ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ മയക്കുമരുന്ന് കച്ചവടം. ഇവര്‍ക്ക് എംഡിഎംഎ എത്തിച്ചുനല്‍കുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. കുന്നംകുളം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.