വിലാപ ഭൂമിയില്‍ മരണം 300 കവിയുന്നു, ജീവന്‍റെ തുടിപ്പുകള്‍ ദുരന്ത ഭൂമിയില്‍ അവശേഷിക്കുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍

Kerala

മേപ്പാടി: ഉരുള്‍പൊട്ടല്‍ ഉണ്ടായശേഷം മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവര്‍ത്തനങ്ങളില്‍ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്തിയതായി രക്ഷാപ്രവര്‍ത്തകര്‍. ഇനിയും ജീവനോടെ അവശേഷിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും രക്ഷാപ്രവര്‍ത്തനം സജീവമായി നടക്കുന്നുണ്ട്. മുണ്ടക്കൈ, അട്ടമല ഭാഗങ്ങളില്‍ ഇനി ആരും ജീവനോടെ കുടുങ്ങികിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്റിംഗ് (ജിഒസി) മേജര്‍ ജനറല്‍ വി ടി മാത്യുവാണ് അറിയിച്ചത്.

അതേസമയം ദുരന്ത ഭൂമിയില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം മുന്നൂറ് കവിഞ്ഞു. 283 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ദുരന്ത ഭൂമിയില്‍ നിന്ന് 29 കുട്ടികളെയാണ് കാണാതായത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുണ്ടക്കൈ, വെള്ളാര്‍മല പ്രദേശത്തെ രണ്ട് സ്‌കൂളുകളില്‍ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്‌കൂളുകളില്‍ നിന്നുമായി ആകെ 29 വിദ്യാര്‍ത്ഥികളെ കാണാതായതായി ഡി ഡി ഇ ശശീന്ദ്രവ്യാസ് പറഞ്ഞു.

240 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മൂന്ന് സ്‌നിഫര്‍ നായകളും തെരച്ചിലിനായി സ്ഥലത്തുണ്ട്. മൃതദേഹ അവശിഷ്ടങ്ങളുടെ തിരിച്ചറിയലും സംസ്‌കാരവുമാണ് പ്രശ്‌നമായി അവശേഷിക്കുന്നത്. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് മാനസികാഘാത പ്രശ്‌നമുണ്ട്.