അഷറഫ് ചേരാപുരം
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തിരക്കിലേക്ക്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് സജീവമാകുന്നത്. അടുത്ത 10 ദിവസത്തിനകം 33 ലക്ഷം യാത്രക്കാര്‍ ഇവിടെ എത്തിച്ചേരുമെന്നാണ് കരുതുന്നത്.
പ്രതിദിനം ശരാശരി 258,000 യാത്രക്കാരാണ് എത്തുക. ഓഗസ്റ്റ് 26, 27 തീയതികളിലാണ് ഏറ്റവും തിരക്ക് പ്രതീക്ഷിക്കുന്നത്. 5 ലക്ഷത്തിലധികം യാത്രക്കാര്‍ എത്തിച്ചേരുന്ന ഏറ്റവും തിരക്കേറിയ സമയമാണ് ഈ ദിവസങ്ങള്‍. കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. യാത്രക്കാര്‍ക്ക് സുഗമമായ സൗകര്യങ്ങള്‍ ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ടെര്‍മിനലുകളില്‍ എത്തിച്ചേരുമ്പോള്‍, 4 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടുകള്‍ സ്വതന്ത്രമായി സ്റ്റാമ്പ് ചെയ്യാന്‍ പ്രത്യേക പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കൗണ്ടറുകള്‍ ഉപയോഗിക്കാം. കുടുംബസമേതം യാത്ര ചെയ്യുന്നവര്‍ക്കും 12 വയസ്സിന് മുകളിലുള്ള യാത്രക്കാര്‍ക്കും പാസ്‌പോര്‍ട്ട് നിയന്ത്രണ നടപടികള്‍ വേഗത്തിലാക്കാന്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കാം. യാത്രക്കാരെ സ്വീകരിക്കാന്‍ വരുന്നവര്‍ക്കുള്ള പാര്‍ക്കിങ് സൗകര്യങ്ങളെക്കുറിച്ചും അധികൃതര്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.