അമൃത് 2.0 കുടിവെള്ള പദ്ധതി: വീടുകളില്‍ 1,200 പുതിയ സൗജന്യ കണക്ഷന്‍

Wayanad

കല്പറ്റ: മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 1,200 വീടുകള്‍ക്ക് ആദ്യഘട്ടത്തില്‍ സൗജന്യ കണക്ഷന്‍ നല്‍കുന്നതിന്റെ നടപടികള്‍ പൂര്‍ത്തിയായതായി മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു.

കേന്ദ്രാവിഷ്‌കൃത ഫണ്ടുപയോഗിച്ച് അമൃത് 2.0 കുടിവെള്ള പദ്ധതി മുഖേന 5,200 സൗജന്യ കണക്ഷനുകള്‍ നല്‍കാനായി 73 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്കാണ് അനുമതി തേടിയത്. അതില്‍ 36 കിലോമീറ്റര്‍ നീളത്തില്‍ പൈപ് ലൈന്‍ സ്ഥാപിച്ച് 1,200 കുടിവെള്ള കണക്ഷനുകള്‍ സൗജന്യമായി നല്‍കാന്‍ 5 കോടി 28 ലക്ഷം രൂപയുടെ പദ്ധതിക്കാണ് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചത്.

യു.ഐ.ഡി.എസ്.എസ്.എം.ടി പദ്ധതി മുഖേന കാരാപ്പുഴയില്‍ നിന്നുള്ള വെള്ളവുമുപയോഗിച്ചാണ് നിലവില്‍ കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ കുടിവെള്ള വിതരണം നടത്തുന്നത്. കുടിവെള്ളം മുടങ്ങാതെ പരാതിക്കിടയില്ലാതെ വിതരണം നടക്കുന്നുണ്ട്. അമൃത് 2.0 മുഖേന അനുമതിക്കായി സമര്‍പ്പിച്ച കുടിവെള്ള പദ്ധതി പൂര്‍ണ്ണമായും നടപ്പാക്കുന്നതോടെ മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ളം എത്തിക്കാനാവും.

28 വാര്‍ഡുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കും. ഗുണഭോക്താക്കളെ കണ്ടെത്താനായി നേരത്തെ തയ്യാറാക്കിയ ലിസ്റ്റിലുള്ളവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ ഉടനെ കണക്ഷന്‍ നല്‍കുമെന്നും പദ്ധതി പൂര്‍ത്തിയാവുന്നതോടെ കുടിവെള്ള കണക്ഷനുകളില്ലാത്ത വീടുകളുണ്ടാവില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.

പള്ളിതാഴെ ഫാത്തിമ ആശുപത്രി റോഡില്‍ തകര്‍ന്ന പാലം നിര്‍മ്മിക്കാന്‍ 1 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് എഞ്ചിനിയറിംഗ് കോളേജ് ടീമാണ് പാലത്തിന്റെ ഡിസൈന്‍ തയ്യാരാക്കിത്. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതിനാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ നിര്‍മ്മാണം ഉടനെ ആരംഭിക്കുമെന്നും ചെയര്‍മാന്‍ കേയംതൊടി മുജീബ് അറിയിച്ചു.