പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടങ്ങിയ സംഭവത്തില്‍ പ്രതിപട്ടിക സമര്‍പ്പിച്ചു; രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും പ്രതികള്‍

Kerala

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷീന നടത്തുന്ന സമരം 103 ദിവസം പിന്നിടുമ്പോള്‍ നിര്‍ണായക നീക്കവുമായി പോലീസ്. രണ്ട് ഡോക്ടര്‍മാരേയും രണ്ട് നഴ്‌സുമാരേയും പ്രതി ചേര്‍ത്തുകൊണ്ടുള്ള പുതുക്കിയ പ്രതിപ്പട്ടിക പോലീസ് കുന്ദമംഗലം കോടതിയില്‍ സമര്‍പിച്ചു. 2017ല്‍ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ഹര്‍ഷീനയുടെ മൂന്നാമത്തെ പ്രസവസര്‍ജറി നടത്തിയ, ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ അസി.പ്രൊഫസറായ ഡോ. രമേശന്‍ സി കെ ആണ് കേസില്‍ ഒന്നാം പ്രതി. കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ. ഷഹന എം രണ്ടാം പ്രതിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചിലെ നഴ്‌സുമാരായ രഹന, മഞ്ജു.കെ.ജി എന്നിവരെ മൂന്നും നാലും പ്രതികളാക്കിയാണ് അന്വേഷണോദ്യോഗസ്ഥന്‍ അസി.കമ്മീഷണര്‍ കെ.സുദര്‍ശന്‍ പ്രതിപ്പട്ടിക സമര്‍പിച്ചിരിക്കുന്നത്.

ഹര്‍ഷിനയുടെ പരാതി പ്രകാരം നേരത്തെ പ്രതി ചേര്‍ത്തിരുന്ന മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ച് മുന്‍ സുപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടര്‍മാര്‍ എന്നിവരെ സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കല്‍ നെഗ്ലിജെന്‍സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാനുള്ള അനുമതിക്കായി അന്വേഷണ സംഘം ഉടന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കും. ഇതിനു ശേഷം അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ വേഗത്തിലാക്കുകയാണ് പോലീസ്. പ്രതികളായ നാലു പേരേയും നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. ഈ കേസില്‍ അതിവേഗ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ് സംഘം.