കല്പറ്റ: വയനാട് മെഡിക്കല്‍ കോളെജ് മടക്കിമലയിലെ ദാനഭൂമിയില്‍ തന്നെ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളെജ് ആക്ഷന്‍ കമ്മിറ്റിയുടെ ഏഴാം ഘട്ട സമരം ഡിസംബര്‍ എട്ടിന് വ്യാഴായ്ച കലക്ട്രേറ്റ് പടിക്കല്‍ ആരംഭിക്കും.
12 മണിക്കൂര്‍ നിരാഹാര സമരത്തോടെയാണ് ഏഴാം ഘട്ട സമരത്തിന് തുടക്കം കുറിക്കുക. മൂന്ന് മാസത്തിനകം ആറ് ഘട്ടങ്ങളിലായി ശ്രദ്ധേയമായ വിവിധ സമരങ്ങള്‍ ആക്ഷന്‍ കമ്മിറ്റി ഇതനോടകം നടത്തിയിട്ടുണ്ട്.
ഏഴാം ഘട്ട സമരത്തോടെ സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കമ്മിറ്റിയുടെ തീരുമാനം. നിരാഹാര സമരത്തെ ജില്ലയിലെ വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ അഭിവാദ്യം ചെയ്യും. വയനാട് ജില്ല രൂപീകൃതമായിട്ട് 43 വര്‍ഷമായി. അവഗണിക്കപ്പെട്ട വയനാടിന്റെ 43 വര്‍ഷങ്ങളെ അനുസ്മരിച്ചു കൊണ്ട് 43 പേരായിരിക്കും നിരാഹാരമനുഷ്ഠിക്കുകയെന്ന് ആക്ടിങ്ങ് ചെയര്‍മാന്‍ വി പി അബ്ദുള്‍ ഷുക്കൂറും ജനറല്‍ കണ്‍വീനര്‍ വിജയന്‍ മടക്കിമലയും അറിയിച്ചു.