ചിന്ത / ഡോ: ആസാദ്
കുട്ടനാട്ടില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. അത് ആത്മഹത്യയാണോ കൊലപാതകമാണോ? (ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും മാനസികചികിത്സ ലഭ്യമാണെന്നും നിയമപരമായ അറിയിപ്പ് കേള്‍ക്കുന്നു.)
ആത്മഹത്യ ഒരു മനോരോഗത്തിന്റെ, മനോദൗര്‍ബ്ബല്യത്തിന്റെ ഫലമാണെന്ന് ഭരണകൂടം പറഞ്ഞുകൊണ്ടിരിക്കുന്നു. കാരണം മനസ്സാണത്രെ. മനസ്സിനു ശക്തിയില്ലാതെ പോകുന്നതാണത്രെ! ആരാണ് മനസ്സിന്റെ ശക്തി ചോര്‍ത്തും വിധം കനത്ത ആഘാതം ഏല്‍പ്പിച്ചത് എന്നു ചോദിക്കാമോ? എല്ലാവരെയും പോലെ സുഖാസുഖങ്ങള്‍ സഹിച്ചു ജീവിച്ച ഒരു മനുഷ്യനെ ഗതികേടിന്റെയും മരണത്തിന്റെയും മുഖത്തേക്ക് നിഷ്‌കരുണം വലിച്ചെറിഞ്ഞത് ആരാണ്?
കാര്‍ഷികോത്പന്നത്തിന് യഥാസമയം അര്‍ഹമായ വില കിട്ടിയിരുന്നുവെങ്കില്‍, സംഭരണത്തിന്റെ സഹായം കുരുക്കാക്കി കര്‍ഷകനെത്തന്നെ അതില്‍ ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നിരുന്നില്ലെങ്കില്‍ ആ കര്‍ഷകന്‍ ജീവനോടെ ഇരുന്നേനെ. അയാള്‍ ആത്മഹത്യ ചെയ്തവനല്ല. ആത്മഹത്യയിലേക്ക് സര്‍ക്കാര്‍ ഉന്തിവിടുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ശേഷിയില്ലാതെപോയവനാണ്. അതിനാല്‍ അത് ആത്മഹത്യയല്ല. ക്രൂരമായ കൊലപാതകമാണ്. തീര്‍ച്ചയായും കുറ്റവാളികളുണ്ട്. അവര്‍ ശിക്ഷിക്കപ്പെടണം.
സര്‍ക്കാറിന്റെ പരസ്യവാക്യത്തിലെ കാപട്യം സര്‍ക്കാറിനെ രക്ഷിക്കില്ല. ആത്മഹത്യാ ശ്രമം നടത്തുന്നവര്‍ക്ക് മനോരോഗ വിദഗ്ദ്ധന്റെ ചികിത്സയാണ് വേണ്ടത്, സമ്മര്‍ദ്ദത്തിലാഴ്ത്തിയ ഭരണകൂടനിലപാടിലെ തിരുത്തല്ല എന്ന വാദമാണത്. ആത്മഹത്യ വ്യക്തിയുടെ ദൗര്‍ബല്യമോ കുറ്റമോ ആയി കാണുന്ന ആ നിലപാട് തിരുത്തിക്കേണ്ടതുണ്ട്. ആത്മഹത്യയിലേക്ക് വഴുതുകയല്ല ഉന്തിയെറിയപ്പെടുകയാണ് ചെയ്യുന്നത്.
കുട്ടനാട്ടിലെ പ്രസാദ് എന്ന കര്‍ഷകനെ ഭരണകൂടമാണ് കൊലപ്പെടുത്തിയത്. അതിന് ഉത്തരം നല്‍കാന്‍, കുറ്റമേല്‍ക്കാന്‍, ശിക്ഷ വരിക്കാന്‍ ഭരിക്കുന്നവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. കൃഷിമന്ത്രി രാജിവെക്കാന്‍ വൈകരുത്.