രാജസ്ഥാന്‍ കത്ത് / ഡോ.കൈപ്പാറേടന്‍
രാജസ്ഥാനില്‍ കോണ്‍ഗ്രസ് നെടുകെ പിളരാന്‍ പോകുന്നുവെന്ന കാവി മാധ്യമങ്ങളുടെ കുറച്ചു ദിവസമായുള്ള നിരന്തര പ്രചാരണത്തില്‍ ചിന്താക്കുഴപ്പത്തിലായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് ആശ്വാസം. സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന പ്രചാരണം അതിന്റെ പാരമ്യത്തില്‍ നടക്കുന്നതിനിടെ താനൊരിക്കലും കോണ്‍ഗ്രസ്സ് വിടില്ലെന്ന നിലപാട് പരസ്യമായി വ്യക്തമാക്കി സച്ചിന്‍ പൈലറ്റ്. തന്റെ ശബ്ദം ദുര്‍ബലമല്ല, നിലപാടുകളില്‍ നിന്ന് പിന്നാക്കം പോകില്ല, പക്ഷേ അതു കോണ്‍ഗ്രസ്സിനുള്ളില്‍ നിന്നുകൊണ്ടു മാത്രം എന്ന് സച്ചിന്‍ പ്രഖ്യാപിച്ചപ്പോള്‍ വെട്ടിലായത് നുണപ്രചാരണം നടത്തിയ കാവിപ്പട.
സച്ചിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷിക ദിനാചരണ വേദിയില്‍വെച്ച് സച്ചിന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നായിരുന്നു താമര ഭക്തര്‍ രാജ്യമാകെ നടത്തിയ പ്രചാരണം. എന്നാല്‍ അതുണ്ടായില്ലെന്നു മാത്രമല്ല അഴിമതിയ്‌ക്കെതിരെയും യുവജനങ്ങള്‍ക്ക് വേണ്ടിയും കോണ്‍ഗ്രസ്സും താനും ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ ശക്തമായി ശ്രമിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ് സച്ചിന്‍ പ്രസംഗം അവസാനിപ്പിച്ചത്. രാജസ്ഥാനില്‍ അഴിമതി അവസാനിപ്പിക്കാന്‍ BJP നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്ന നിലപാട് സച്ചിന്‍ ആവര്‍ത്തിച്ചു. കഴിഞ്ഞ BJP സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതിയ്‌ക്കെതിരെ നടപടി സ്വീകരിക്കണം. തന്റെ ലക്ഷ്യം കൃത്യമാണെന്നും അതാണ് ശരിയായ രാഷ്ട്രീയമെന്നും സച്ചിന്‍ വ്യക്തമാക്കി.
ദൗസയില്‍ രാജേഷ് പൈലറ്റിന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രതിമ അനാച്ഛാദനം ചെയ്തശേഷം സച്ചിന്‍ നടത്തുന്ന പ്രസംഗം കേള്‍ക്കാന്‍ ആയിരക്കണക്കിന് കോണ്‍ഗ്രസുകാര്‍ ഒത്തുകൂടിയിരുന്നു. അച്ഛന്‍ അഴിമതിക്കെതിരായ നിലപാടില്‍ ഒരിക്കലും ഒത്തുതീര്‍പ്പ് വരുത്തിയില്ല. അഴിമതിയുമായി താനും സന്ധിചെയ്യില്ല. പാവപ്പെട്ടവരെ സഹായിക്കുക എന്നതിനാണ് തന്റെയും കോണ്‍ഗ്രസ്സിന്റെ ആദ്യ പരിഗണനയെന്നും സച്ചിന്‍ പറഞ്ഞു.
ഇന്നുച്ചവരെ സച്ചിന്‍ ഉണ്ടാക്കാന്‍ പോകുന്ന പാര്‍ട്ടിയുടെ പേര് പ്രഗാശീല്‍ കോണ്‍ഗ്രസ്സ് എന്നായിരിക്കും എന്നുവരെ നുണ ഫാക്ടറിയില്‍ നിന്ന് എഴുതിക്കിട്ടിയത് പ്രചരിപ്പിച്ച പതിനായിരക്കണക്കിന് ഓണ്‍ ലൈന്‍ വിദൂഷകര്‍ വിഢി വേഷം കെട്ടിയതു മിച്ചമായെന്നു ചുരുക്കം.
എന്നാല്‍ രസം അവിടം കൊണ്ട് അവസാനിക്കുന്നില്ല. സച്ചിന്‍ തന്റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുമെന്ന പ്രചാരണം പാഴായെങ്കിലും സച്ചിന്‍ തന്റെ നിലപാടുകളില്‍ ശക്തമായി ഉറച്ചുനില്‍ക്കുന്നുവെന്ന കാര്യം ഉയര്‍ത്തിക്കാട്ടി ഭാവിയില്‍ ഒരു പിളര്‍പ്പുണ്ടാകാതിരിക്കില്ല എന്ന പ്രതീക്ഷാനിര്‍ഭരമായ പ്രവചനവുമായി കാവി മാധ്യമങ്ങള്‍ ഓണ്‍ലൈനില്‍ പ്രചാരണത്തിന്റെ ദിശ തിരിച്ചു വിട്ടു തുടങ്ങിയിരിക്കുന്നു എന്നതാണത്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സച്ചിനുമായി ഒരു മണിക്കൂറെടുത്ത് വിശദമായി സംസാരിച്ചിരുന്നു. അതിനുശേഷം തന്നെ വന്നു കണ്ട മാധ്യമ പ്രവര്‍ത്തകരോട് സച്ചിന്‍ ഒരിക്കലും അത്തരം കടുത്ത തീരുമാനത്തിലേക്ക് പോകില്ല എന്ന് വേണുഗോപാല്‍ ലവലേശം ശങ്കക്കിട വരുത്താതെ ഉറപ്പിച്ചു പറയുകയും ചെയ്തിരുന്ന താണ്. എന്നിട്ടും യാതൊരു മടിയുമില്ലാതെ സച്ചിന്‍ പാര്‍ട്ടി പിളര്‍ത്താന്‍ പോവുകയാണെന്ന് ഓണ്‍ലെനിലൂടെയും പത്രദൃശ്യ മാധ്യമങ്ങളിലൂടെയും രാജ്യമെങ്ങും കനത്ത പ്രചാരണം നടത്താന്‍ BJP കേന്ദ്രങ്ങള്‍ക്കു കഴിഞ്ഞിരുന്നു.
രണ്ടു മുന്നു കാര്യങ്ങളാണ് BJP ഇത്തരം പ്രചാരണങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ഒന്ന് പ്രതിപക്ഷം തകര്‍ന്നു കിടക്കുകയാണ് ഒരിക്കലും ഒരുമിച്ചു നില്‍ക്കില്ല എന്ന് പ്രചരിപ്പിച്ച് അണികളെ ആവേശ ഭരിതരാക്കുക. രണ്ട്, നിഷ്പക്ഷരായ ജനങ്ങള്‍ക്കിടയില്‍ പ്രതിപക്ഷ പാര്‍ട്ടികളെക്കുറിച്ച് അവമതിപ്പുണ്ടാക്കുകയും അവിശ്യാസ്യത വളര്‍ത്തുകയും ചെയ്യുക.
മൂന്ന്, അമിത വാര്‍ത്താ പ്രാധാന്യം കിട്ടുന്നതോടെ താനൊരു വലിയ സംഭവമാണെന്ന ചിന്ത വിമത നേതാക്കളുടെ മനസ്സില്‍ ജനിപ്പിച്ച് തങ്ങളുടെ പാര്‍ട്ടി നേതൃത്വത്തിനെതിരെ തിരിയാന്‍ അവര്‍ക്ക് പ്രോത്സാഹനം കൊടുക്കുക. നാല്, കുപ്രചാരണങ്ങള്‍ കൊഴുക്കുന്നതോടെ വിമത നേതാക്കള്‍ക്കെതിരെ തിരിയാനും പ്രതികരിക്കാനും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരെ പ്രേരിപ്പിക്കുകയും വിമത നേതാക്കളെ പാര്‍ട്ടിയില്‍ കൂടുതല്‍ ഒറ്റപ്പെടുത്തി രാഷ്ട്രീയ അസ്ഥിരത വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.
ഇത്തവണ അത്യന്തികമായി തങ്ങളുടെ കൂപ്രചരണം ലക്ഷ്യം കണ്ടില്ലെങ്കിലും രാജ്യത്തെ മാറിയ വിവര സാങ്കേതിക സാഹചര്യങ്ങളില്‍ സോഷ്യല്‍വിഷ്വല്‍ മാധ്യമങ്ങളെ രാഷ്ട്രീയ നുണപ്രചാരണങ്ങള്‍ക്ക് ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്ന് BJP ഒരിക്കല്‍ കൂടി പ്രതിപക്ഷത്തിനു കാണിച്ചു തന്നു. ഓരോ സംസ്ഥാനത്തും അധികാരം പിടിക്കാന്‍ പ്രാദേശിക വിഷയങ്ങളുടെ മര്‍മ്മം കണ്ടെത്തി സോഷ്യല്‍ മീഡിയായിലൂടെ പ്രചാരണം നടത്തിയും നുണപ്രചരിപ്പിച്ചുമാണ് കളംപിടിക്കാന്‍ BJP കരുക്കള്‍ നീക്കുന്നത്.
ഒരു കാര്യം സമ്മതിക്കണം. പതിനായിരക്കണക്കിനു പെയ്ഡ് സോഷ്യല്‍ വിഷ്വല്‍ പ്രിന്റ് മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി രാജ്യമാകെ സോഷ്യല്‍ എഞ്ചിനീയറിംഗ് നടത്താനുള്ള BJPയുടെ ചടുലമായ തന്ത്രജ്ഞതയും അവിശ്വസനീയമായ മണിപവറും കോര്‍ഡിനേഷന്‍ കപ്പാസിറ്റിയും. ആ ഒരു കാര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ അമിത് ഷായ്ക്ക് മുന്നില്‍ ദക്ഷിണ വെച്ചു പഠിക്കേണ്ടതുണ്ട്.
രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം രാജസ്ഥാനില്‍ സച്ചിന്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ എങ്ങനെ നടപ്പിലാക്കാം എന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.