വയനാട് കുടുംബശ്രീ മിഷന്‍ തയ്യാറാക്കിയ ഹ്രസ്വ ചിത്രം ‘ഇതള്‍ പൊഴിയാ പൂക്കള്‍’ ശ്രദ്ധേയമാകുന്നു

Wayanad

കല്പറ്റ: ഭൗതിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടിക്കളെക്കുറിച്ച് കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ തയ്യാറാക്കിയ ഹ്രസ്വ ചിത്രം ‘ഇതള്‍പൊഴിയാ പൂക്കള്‍’ ശ്രദ്ധേയമാകുന്നു. ഹ്രസ്വ ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസ് കുടുംബശ്രീ എക്‌സിക്യൂടിവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ എ എസ് നിര്‍വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ഡോ. ബി ശ്രീജിത്ത്, വയനാട് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി കേ ബാലസുബ്രഹ്മണ്യന്‍, അസി.ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ വി കേ റജീന എന്നിവര്‍ സന്നിഹിതരായിരുന്നു.

ബഡ്‌സ് സ്‌കൂളുകളില്‍ ഭൗതിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് നല്‍കുന്ന സേവനങ്ങളും അവര്‍ക്ക് സമൂഹം നല്‍കേണ്ട പിന്തുണയുടെ പാഠങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ കീഴില്‍ കുടുംബശ്രീയുടെ മേല്‍ നോട്ടത്തില്‍ മാനസീക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസപരമായും തൊഴില്‍പരമായും പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളാണ് ബഡ്‌സ് സ്‌കൂളുകള്‍. 18 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് ബഡ്‌സ് സ്‌കൂളുകളും 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററുകളും സംസ്ഥാനത്തുടനീളമുണ്ട്.

ഇത്തരം വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ ബഡ്‌സ് സ്‌കൂളില്‍ പറഞ്ഞയക്കുന്നതിലൂടെ കുട്ടികള്‍ കൈവരിക്കുന്ന മാനസീക ശാരീരീക വളര്‍ച്ചയും ഈ ഹ്രസ്വ ചിത്രത്തില്‍ അടിവരയിടുന്നു. ആഡ്വിന്‍ ജോ ലോപ്പസ്, നീതു ഒ പി, സിജി ആന്റണി, സി എസ് ആഷിക്, ജുവല്‍ ലിസ്ബത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജില്ലാ പ്രോഗ്രാം മാനേജര്‍ കെ ജെ ബിജോയിയാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചത്. മനു ബെന്നി ചയാഗ്രഹണവും ചിത്രസംയോജനം നിര്‍വഹിച്ച ഹ്രസ്വ ചിത്രത്തിന്റെ ടൈറ്റില്‍ ചെയ്തിരിക്കുന്നത് ശ്രീ ലാല്‍ജാന്‍ ആണ്.

കൂടാതെ ജില്ലയിലെ ബഡ്‌സ് സ്‌കൂള്‍ ജീവനക്കാരും, ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ഈ വീഡിയോയില്‍ അഭിനയിച്ചിട്ടുണ്ട്. kudumbashree official എന്ന യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഇതിനോടകം നൂറുകണക്കിന് പേരാണ് കണ്ടത്.