തിരുവനന്തപുരം: ദേവുവിനായി നടത്തിയ പ്രാര്‍ത്ഥനകള്‍ വിഫലമായി. വേദനയുടെ ലോകത്തുനിന്നും ദേവു ദേവലോകത്തേക്ക് യാത്രയായി. ഉത്സവ പറമ്പിലെ തകര്‍പ്പന്‍ ഡാന്‍സ് വീഡിയോയിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായ പന്ത്രണ്ട് വയസുകാരി ദേവു ചന്ദനയാണ് മരണത്തിന് കീഴടങ്ങിയത്. അപൂര്‍വ്വ രോഗത്തിനുള്ള ചികിത്സയിലായിരുന്നു ദേവു ചന്ദന. ആലപ്പുഴ നൂറനാട് സ്വദേശിയായ ചന്ദ്രബാബുവിന്റെയും രജിതയുടെയും മകളാണ് ദേവു.
മൂന്നു വര്‍ഷത്തെ യാതനകള്‍ക്കൊടുവിലാണ് ദേവു ഈ ലോകത്തോട് വിട പറയുന്നത്. മകളുടെ വേദന കണ്ടു നില്‍ക്കാനാവാതെ പിതാവ് ചന്ദ്രബാബു ദേവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ നാലാം ദിനം ആശുപത്രി പരിസരത്ത് ജീവനൊടുക്കിയിരുന്നു.
ദേവുവിന്റെ ഡാന്‍സ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അവസരം ലഭിച്ചിരുന്നു. കൂടാതെ സിനിമ സീരിയല്‍ രംഗത്ത് നിന്നും അവസരങ്ങള്‍ ദേവുവിനെ തേടിയെത്തി. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ അപൂര്‍വ്വ രോഗം ദേവുവിന്റെ ജീവിതം താളം തെറ്റിച്ചു. പനിയെ തുടര്‍ന്നായിരുന്നു ദേവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ പത്ത് ലക്ഷത്തില്‍ ഒരാള്‍ക്ക് വരുന്ന അപൂര്‍വ്വ വൈറസ് ബാധയാണ് ദേവുവിനെന്ന് കണ്ടെത്തുകയായിരുന്നു.
പിന്നീടങ്ങോട്ട് ചികിത്സയുടെ നാളുകളായിരുന്നു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം പക്ഷെ ഫലവത്തായില്ല. ഇതിനിടെ വൈറസ് തലച്ചോറിനേയും ബാധിച്ചു. ഇതോടെ കുട്ടിയുടെ ബോധം നഷ്ടമായി. പൊന്നുമകളുടെ കിടപ്പ്കണ്ട് സഹിക്കാന്‍ കഴിയാതെ പിതാവ് ചന്ദ്രബാബു ജീവനൊടുക്കുകയും ചെയ്തു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദേവുവിനെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രജിതയുടെ വീടായ കൊല്ലം ശൂരനാട് രമ്യ ഭവനത്തില്‍ കൊണ്ടു വന്നിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്ക് മുന്‍പ് വീണ്ടും രോഗം മൂര്‍ച്ഛിച്ചു. വീണ്ടും ആശുപത്രിയിലെത്തിച്ച ദേവുവിന് രണ്ടാഴ്ചത്തെ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഒടുവില്‍ ചികിത്സ പൂര്‍ത്തിയാകുന്നതിന് മുന്‍പേ ദേവുവിനെ മരണത്തിന് കീഴടങ്ങുകയായിരുന്നു.