തൊട്ടില്‍പ്പാലം: കര്‍ഷകരോടുള്ള അവഗണനക്കെതിരെ കര്‍ഷക ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഫോറസ്റ്റ് റെയിഞ്ചോഫീസ് മാര്‍ച്ച് കര്‍ഷകരുടെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. രാഷ്ട്രീയത്തിനധീതമായി കര്‍ഷക ഐക്യവേദിയെന്ന സംഘടന രൂപീകരിച്ചാണ് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പോരാട്ടത്തിനിറങ്ങിയത്.
കൃഷിനാശവും ന്യായ വില ലഭിക്കാത്തതും കാരണം പ്രയാസത്തിലായ കര്‍ഷകര്‍ക്ക് ഇരുട്ടടി പോലെയാണ് വന്യമൃഗങ്ങളുടെ കൃഷി നശിപ്പിക്കല്‍. അധ്വാനിച്ചുണ്ടാക്കിയ കാര്‍ഷിക വിളകള്‍ വിളവെടുപ്പിന് പാകമാകുമ്പോഴേക്കും കാട്ടുപന്നിയും മറ്റ് വന്യമൃഗങ്ങളും നശിപ്പിക്കുന്നത് കാരണം ഏറെ പ്രയാസമാണ് കര്‍ഷകര്‍ അനുഭവിക്കുന്നത്. വന്യമൃഗങ്ങള്‍ വിളകള്‍ നശിപ്പിച്ചാല്‍ മതിയായ നഷ്ടപരിഹാരം നല്‍കാന്‍ വനം വകുപ്പ് തയ്യാറാകാത്തതും കര്‍ഷകരെ പ്രയാസത്തിലാക്കി.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടി ഇല്ലാതെ വന്നതോടെയാണ് ഐക്യവേദി രൂപീകരിച്ച് പ്രക്ഷോഭത്തിനിറങ്ങിയത്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ കൊല്ലുന്നതിനും മാംസം ഭക്ഷിക്കുന്നതിനും കര്‍ഷകര്‍ക്ക് അനുമതി നല്‍കുക, കൃഷി നശിപ്പിച്ചാല്‍ മാന്യമായ നഷ്ടപരിഹാരം നല്‍കുക, വന്യമൃങ്ങളുടെ ഭീഷണിയില്‍ നിന്നും കര്‍ഷകരുടെ വിളകള്‍ക്കും കര്‍ഷകര്‍ക്കും സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കുറ്റിയാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
കര്‍ഷക ഐക്യവേദി ചെയര്‍മാന്‍ വളപ്പില്‍ ദിനേശന്‍ ഉദ്ഘാടനം ചെയ്തു. ജി പി രാജീവന്‍, ജനറല്‍ കണ്‍വീനര്‍ ബാബുരാജ്, സി കെ അബ്ദുല്ലഹാജി, പുലിയൂര്‍ ശിവാനന്ദന്‍, വട്ടക്കണ്ടി പവി, വിജയന്‍ ചേലക്കാട്, വില്‍സണ്‍ കെ വി, ജയദേവ് എന്നിവര്‍ പ്രസംഗിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അബ്രഹാം തടത്തില്‍, കുഞ്ഞുചേട്ടന്‍ ചാത്തന്‍കോട്ടുനട, മാരാര്‍കണ്ടി പരിയേയിഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.