കോഴിക്കോട്: ആളുമാറി യുവാവിനെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച് അവശനാക്കി റോഡരികില്‍ ഉപേക്ഷിച്ച ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. നല്ലളം ഉണ്ണിശ്ശേരി കുന്ന് ആന റോഡ് ഇല്ലിക്കല്‍ ഷാഹുല്‍ ഹമീദ് (42 വ), കല്ലായ് ആനമാട് ചക്കുംകടവ് റഹിയാനത്ത് മന്‍സില്‍ സക്കീര്‍ (52), ഗുരുവായൂരപ്പന്‍ കോളേജ്, കിണാശ്ശേരി, കുളങ്ങര പീടിക താന്നിക്കാട്ട് മീത്തല്‍ പറമ്പ് റാഷിദ് (47), പന്തീരങ്കാവ് പുത്തൂര്‍ മഠം പുറത്തൊളിക്കന്‍ പറമ്പ് ഷമീര്‍ (37) എന്നിവരെയാണ് ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ ഇ ബൈജുവിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ സിദ്ധിഖിന്റെ നേതൃത്വത്തില്‍ നല്ലളം ഇന്‍സ്‌പെക്ടര്‍ കെ.എ ബോസും സംഘവും അറസ്റ്റ് ചെയ്തത്. ഇതില്‍ ഷാഹുല്‍ ഹമീദ് നല്ലളം ദേവദാസ് സ്‌കൂളിനടുത്തും സക്കീര്‍ മാത്തറ ഇരിങ്ങല്ലൂര്‍ വടക്കാഞ്ചേരി പറമ്പിലും ഷമീര്‍ ഒളവണ്ണ വന്ദന ബസ് സ്‌റ്റോപ്പിനടുത്തും വാടകക്ക് താമസിക്കുകയാണ്.
ഫറോക്കില്‍ അഞ്ചു പേര്‍ വാഹനാപകടത്തില്‍ മരിച്ച കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ചെര്‍പ്പുളശ്ശേരി സംഘത്തിലെ മുഖ്യപ്രതി ചരല്‍ ഫൈസലിന്റെ സംഘാംഗം ആസിഫ് മാസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ നിന്നും കടത്തിയ സ്വര്‍ണ്ണം ഉടമക്ക് നല്‍കാതെ തട്ടിയെടുത്ത് മുങ്ങിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് അയാളുടെ സഹോദരീ ഭര്‍ത്താവിനെ ഗള്‍ഫില്‍ നിന്നും പിടികൂടി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ആസിഫിനെ വിളിച്ചു വരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് സഹോദരീ ഭര്‍ത്താവിനെ കരിപ്പൂരില്‍ എത്തിച്ച് ചെര്‍പ്പുള്ളശ്ശേരിയിലെ വീട്ടിലേക്ക് പോകാന്‍ വാഹനവുമായി വരാന്‍ പറയുകയും ചെയ്തു.
സഹോദരീ ഭര്‍ത്താവിനെ ആസിഫ് കൂട്ടാന്‍ വരുന്ന സമയം അയാളെ പിടിച്ചു കൊണ്ട് പോയി നഷ്ടപ്പെട്ട സ്വര്‍ണ്ണം വീണ്ടെടുക്കാനായി രുന്നു പദ്ധതി.ഇതിനായി കോഴിക്കോടുള്ള ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. എന്നാല്‍ ആസിഫിന്റെ കൂടെ ചരല്‍ ഫൈസലും, മുനീറും വരികയും മുനീര്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയപ്പോള്‍ ആസിഫാണെന്ന് കരുതി മുനീറിനെ കാറില്‍ പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നു. ആക്രമി സംഘത്തെ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഫൈസലിന്റെ കാറിന്റെ മുന്നിലെ ഗ്ലാസിലേക്ക് വലിയ കല്ലിട്ട് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കാറെടുത്ത് ഫൈസലും ആസിഫും രക്ഷപ്പെടുകയായിരുന്നു. മുനീറിനെ കാറില്‍ വെച്ച് മര്‍ദിക്കുകയും ഫോട്ടോയെടുത്ത് സ്വര്‍ണ്ണം നഷ്ടപ്പെട്ട മലപ്പുറം സ്വദേശിക്ക് അയച്ചു കൊടുത്തപ്പോഴാണ് പിടികൂടിയ ആള്‍ മാറിയ വിവരം ഗുണ്ടാസംഘം അറിയുന്നത്.അങ്ങനെ മുനീറിനെ ആളൊഴിഞ്ഞ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് മുനീറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നല്ലളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ജില്ല പോലീസ് മേധാവി ഡി.ഐ.ജി രാജ്പാല്‍ മീണ ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് അന്വേഷണത്തില്‍ ചേരുകയും യാത്രക്കാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതും കൂടാതെ സമീപ പ്രദേശങ്ങളി ലെ സി.സി.ടി.വി പരിശോധിച്ചതില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ കുറിച്ച് ഏകദേശ ധാരണ ലഭിച്ച ഉടനെ പ്രതികളെ പിടികൂടുകയുമായി രുന്നു. 36 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയത്.
കോഴിക്കോട് മിഠായിതെരുവില്‍ നടന്ന അടിപിടി കേസില്‍ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ടൗണ്‍ പോലീസും ചേര്‍ന്ന് ഇവരെ തമിഴ്‌നാട്ടിലെ ഒളിതാവളത്തില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് പിടികൂടിയിരുന്നു.സംഭവം നടന്ന് രണ്ട് ദിവസത്തിനകം പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞതായും, പ്രതികള്‍ക്ക് മുന്‍പും ഇത്തരം ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായും വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും മറ്റുള്ളവരെ കുറിച്ച് സൂചന ലഭിച്ചതായും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും നല്ലളം ഇന്‍സ്‌പെക്ടര്‍ കെ.എ.ബോസ് പറഞ്ഞു.
സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്,ഹാദില്‍ കുന്നുമ്മല്‍,ശ്രീജിത്ത് പടിയാത്ത്,ഷഹീര്‍ പെരുമണ്ണ,എ.കെ അര്‍ജുന്‍, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, നല്ലളം പോലീസ് സ്‌റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍ എം. സീനിയര്‍ സി പി ഒമാരായ തഹ്‌സിം, വിനോദ് എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.