കണ്ണൂർ: രോഗ പ്രതിരോധം, പ്രസവശുഷൂഷ,ശിശു പരിപാലനം, വയോജന പരിചരണം തുടങ്ങി വിവിധങ്ങളായ ചികിത്സകൾക്ക് നൂതനവും ഏറെ ഫലപ്രദവുമായ സൗകര്യങ്ങൾ വൈദ്യശാസ്ത്രം വികസിപ്പിച്ചെടുത്തതിനെ നിരാകരിച്ച് സങ്കീർണമായ പ്രസവത്തിന് പോലും ആശുപത്രിയിൽ പോകേണ്ടതില്ലെന്ന കുപ്രചാരണം നടത്തി ദുർബല വിശ്വാസികളെ വഴിതെറ്റിക്കുന്ന പൗരോഹിത്യത്തെ മതസമൂഹവും പൊതു സമൂഹവും തിരിച്ചറിഞ്ഞ് തിരസ്കരിക്കണമെന്നും തിരുത്തിക്കണമെന്നും കെ.എൻ.എം മർകസുദ്ദഅവ ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.
രോഗങ്ങൾക്ക് ശരിയായ ചികിത്സ തേടണമെന്നും ചികിത്സ യോടൊപ്പം തന്നെ ദൈവത്തോട് പ്രാർത്ഥിക്കണമെന്നുമാണ് ഇസ്ലാം നിർദ്ദേശിക്കുന്നത്. ഇത് മറികടന്ന് ഇസ്ലാമിൻ്റെ അധ്യാപനങ്ങൾക്ക് വിരുദ്ധമായ ചൂഷണോപാധികൾ ചികിത്സയുടെ മറവിൽ നടപ്പിലാക്കുന്ന പൗരോഹിത്യത്തെ നിരാകരിക്കാൻ മത സമൂഹവും പൊതുസമൂഹവും ഒന്നിക്കണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു
14 ന് രാവിലെ 11ന് കണ്ണൂർ ദഅവ സെൻ്ററിൽ ജില്ലാ പ്രവർത്തക സമിതിയും തുടർന്ന് 2.30 ന് ആലോചന സമിതിയും ചേരും. ആലോചനസമിതി സംസ്ഥാന ഉപാദ്ധ്യക്ഷൻ ശംസുദ്ദീൻ പാലക്കോട് ഉദ്ഘാടനം ചെയ്യും
ജില്ലാ പ്രസിഡൻ്റ് ടി.മുഹമ്മദ് നജീബ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് ശംസുദ്ധീൻ പാലക്കോട്, ജില്ലാ സെക്രട്ടറി സി.സി ശകീർ ഫാറൂഖി, വൈസ് പ്രസിഡൻ്റ് ആർ അബ്ദുൽ ഖാദർ സുല്ലമി, ജോ. സെക്രട്ടറിമാരായ പി.ടി.പി മുസ്തഫ, അശ്രഫ് മമ്പറം, പി.വി അബ്ദുൽ സത്താർ ഫാറൂഖി,ഫൈസൽ ചക്കരക്കൽ, ജൗഹർ ചാലക്കര എന്നിവർ സംസാരിച്ചു.