കോഴിക്കോടിന്‍റെ വേറിട്ട മാതൃക; പള്ളികളടക്കം നിപ്പ ബോധവത്ക്കരണ പ്രവര്‍ത്തനത്തില്‍

Kozhikode

എ വി ഫര്‍ദിസ്

കോഴിക്കോട്: നിപ പ്രതിരോധ ബോധവല്ക്കരണ പ്രവര്‍ത്തനത്തില്‍ പള്ളികളും. കോഴിക്കോട് സാധാരണ നിലയിലേക്ക് കടന്നുവരുവാനായി ഏതാനും ദിവസങ്ങളായി ജില്ലയിലൊന്നാകെ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ബോധവല്ക്കരണമടക്കമുള്ള കാര്യങ്ങളില്‍ കോഴിക്കോട്ടുകാര്‍ നടത്തുന്നത്. മറ്റെല്ലാം മാറ്റിവെച്ചുകൊണ്ടുള്ള കോഴിക്കോടിന്റെ നന്മയുടെ, ഈ വേറിട്ട മാതൃകയെ മന്ത്രി വീണ ജോര്‍ജ് തന്നെ കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. നിപ ആശങ്കയെ പെട്ടെന്ന് പിടിച്ചു നിറുത്തുവാന്‍ കഴിഞ്ഞത് ഇതുകൊണ്ടാണെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

കോഴിക്കോടിന്റെ ഹൃദയ ഭാഗമായ പാളയത്ത് സ്ഥിതി ചെയ്യുന്ന നഗരത്തിലെ പ്രധാന മസ്ജിദുകളിലൊന്നായ പാളയം മൊഹ്‌യുദ്ദീന്‍ പള്ളിയുടെ ഡിജിറ്റല്‍ മെസേജ് ബോര്‍ഡിലൂടെയാണ്, നിപ്പ ക്കെതിരെയുള്ള ബോധവല്ക്കരണ സന്ദേശം ഇരുപത്തി നാല് മണിക്കൂറും ജനങ്ങളുടെ ശ്രദ്ധയ്ക്കായി പ്രദര്‍ശിപ്പിക്കുന്നത്. നഗരത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്ന പാളയത്ത് തന്നെ ഇത്തരം പ്രവര്‍ത്തനം ഏറെ ആളുകളിലേക്ക് നിപ്പ് ബോധവല്ക്കരണ സന്ദേശമെത്തുവാന്‍ കാരണമാകുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ സാഷ്യപ്പെടുത്തുന്നുണ്ട്.

വെള്ളിയാഴ്ച നടന്ന ഖുത്വുബയിലും ഇത്തരം ബോധവല്ക്കരണ സന്ദേശങ്ങള്‍ നല്കിയിരുന്നു. ഖുത്വുബയും നിസ്‌ക്കാരവും ഏറെ ചുരുക്കിയാണ് കഴിഞ്ഞ വെളിയാഴ്ച മൊഹ് യുദ്ദീന്‍ പള്ളിയടക്കമുള്ള വല മസ്ജിദുകളിലും നടത്തിയത്. ഇതു പോലെ തന്നെ നഗരത്തിലെ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും തുടര്‍ച്ചയായി നിപ്പ വിരുദ്ധ ജാഗ്രതാ സന്ദേശങ്ങള്‍ ജനങ്ങള്‍ക്കായി നല്കുന്നുണ്ട്. നാട്ടില്‍ ഒരു പ്രശ്‌നം വരുമ്പോള്‍ മറ്റെല്ലാം മറന്ന് ഇതിനെതിരെ ഒന്നിക്കുന്ന ഞമ്മളെ കോയിക്കോട് എന്ന ഒത്തൊരുമയുടെ ഉദാഹരണമായാണ് ഇതും വിലയിരുത്തപ്പെടുന്നത്.