മുസ്ലിം സമുദായത്തെ തമ്മിലടിപ്പിച്ച് കാര്യം നേടുന്നത് കാന്തപുരം അവസാനിപ്പിക്കണം: സി പി ഉമര്‍ സുല്ലമി

Kerala

കോഴിക്കോട്: മുസ്ലിം സമുദായത്തെ തമ്മില്‍ തല്ലിച്ച് കാര്യസാധ്യം നേടുന്ന നിലപാട് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ അവസാനിപ്പിക്കണമെന്ന് കെ. എന്‍ .എം മര്‍കസുദ്ദഅവ സംസ്ഥാന ജന: സെക്രറി സി.പി. ഉമര്‍ സുല്ലമി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഫാസിസ്റ്റ് കാലത്ത് ഭിന്നതകള്‍ മറന്ന് ഒന്നിക്കാന്‍ മുസ്ലിംകളും ഇതര സമുദായങ്ങളും ഐക്യപ്പെടാന്‍ മുന്നോട്ടു വരുമ്പോള്‍ മുസ്ലിംകള്‍ക്കിടയില്‍ തന്നെ ശത്രുത ഇളക്കിവിടുന്നത് പൊറുപ്പിക്കാവതല്ല.

മുസ്ലിം സമുദായത്തില്‍ പെട്ടവരാരൊക്കെയാണെന്ന് തീരുമാനിക്കാന്‍ കാന്തപുരത്തെ സമുദായം ചുമതലപ്പെടുത്തിയിട്ടില്ല. മുസ്ലിം സമുദായത്തെ അന്ധവിശ്വാസങ്ങളില്‍ തളച്ചിട്ട് ആത്മീയ തട്ടിപ്പു നടത്തിയാല്‍ ആരായാലും മുജാഹിദ് പ്രസ്ഥാനം ചോദ്യം ചെയ്യും. ആത്മീയ വാണിഭത്തിന് ഭംഗം വരുമ്പോള്‍ മുജാഹിദ് ജമാഅത്ത് പ്രസ്ഥാനങ്ങള്‍ക്കെതിരെ കാഫിര്‍ ഫത്‌വയുമായി വന്നിട്ട് കാര്യമില്ല. മുസ്ലിം സമുദായം വൈജ്ഞാനിക മുന്നേറ്റം നടത്തിയ ഇക്കാലത്തും പ്രവാചകന്റെ മുടിയും പൊടിയും വിറ്റു കാശാക്കാമെന്നത് മൗഢ്യമാണ്. സംഘപരിവാറിനോടുള്ള ഭ്രമം അവസാനിപ്പിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ മുസ്ലിം സമുദായത്തിന്റെ പൊതുധാരയിലേക്ക് വരണമെന്ന് സി.പി. ഉമര്‍ സുല്ലമി ആവശ്യപ്പെട്ടു.