തിരുവനന്തപുരം: കുന്തവും കൊടച്ചക്ക്രവും പരാമര്‍ശത്തില്‍ മന്ത്രിസ്ഥാനം നഷ്ടമായ സജി ചെറിയാന്‍ ഈ മാസം തന്നെ വീണ്ടും മന്ത്രിയായി ചുമതലയേല്‍ക്കും. ക്രിസ്മസിന് മുമ്പ് മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്നാണ് സൂചന. ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ചുവെന്ന കേസ് അവസാനിപ്പിക്കാന്‍ പൊലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് മന്ത്രിസ്ഥാനത്തേക്ക് സജി ചെറിയാന് വഴി തുറന്നത്.
സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരന്നുണ്ട്. അതില്‍ ഇക്കാര്യത്തില്‍ ചച്ചയുണ്ടായേക്കും. അതേസമയം പൊലീസ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി വിധി പറഞ്ഞിട്ടില്ല. അതുകൊണ്ട് കോടതിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ക്രിസ്തുമസ് സമ്മാനമായി സജി ചെറിയാന് മന്ത്രിസ്ഥാനം നല്‍കാനുള്ള നീക്കങ്ങളുമുണ്ട്.
സി പ എമ്മിന്റെ പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടന്ന പ്രാദേശിക സമ്മേളനത്തില്‍ ‘കുന്തവും കുടച്ചക്രവുമല്ല ഭരണഘടന’ എന്നു പരാമര്‍ശിച്ച പ്രസംഗം വിവാദമായതോടെയാണ് സജ ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. എന്നാല്‍ പ്രസംഗത്തില്‍ മനപ്പൂര്‍വം ഭരണഘടനയെ അവഹേളിക്കാന്‍ സജിചെറിയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പരാമര്‍ശം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട് പറയുന്നത്.
സജി ചെറിയാന്‍ അന്ന് നടത്തിയ വിവാദ പ്രസംഗത്തില്‍ പറയുന്നത് ഇങ്ങനെ: ‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാം പറയും. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടിഷുകാരന്‍ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാരന്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും. ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം’ ഇതായിരുന്നു സജി ചെറിയാന്‍ പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശം.