സെപ്തംബര്‍ 30 ലോക പരിഭാഷാ ദിനം’മര്‍ലിന്‍ മണ്‍റോയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ‘

Articles

ചിന്ത / എ പ്രതാപന്‍

ദേശങ്ങളുടെ ചോരുന്ന അതിരുകളാണ് ഭാഷയെന്ന് മനസ്സിലാക്കാന്‍, പല ദേശങ്ങളിലേക്ക് കടന്നു പോകാന്‍, പരിഭാഷകള്‍ സഹായിച്ചു. ഈ കവിതാ പരിഭാഷ മാതൃഭൂമി ആഴ്ചപ്തിപ്പിന്റെ സെപ്തംബര്‍ 24 ന്റെ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.

ഈ കവിതയെഴുതിയ ഏണസ്‌റ്റോ കാര്‍ഡെനാല്‍ ( Ernesto Cardenal) നിക്കാരഗ്വയിലെ ഗ്രാനഡയില്‍ 1925 ജനുവരി 20 ന് ജനിച്ചു. കവിയും, റോമന്‍ കത്തോലിക്ക വിഭാഗത്തിലെ പുരോഹിതനുമായിരുന്നു, വിമോചന ദൈവശാസ്ത്രത്തോടൊപ്പം നിന്ന പുരോഹിതന്‍. നിക്കാരഗ്വയിലെ അനസ്‌തേസിയോ സൊമാസോയുടെ ഏകാധിപത്യ ഭരണകൂടത്തിനെതിരായ വിപ്ലവ ശ്രമങ്ങളില്‍ പങ്കാളിയായിരുന്നു. സൊമാസോയെ പുറത്താക്കി അധികാരത്തില്‍ വന്ന സാന്‍ഡിനിസ്റ്റ (Sandinista) സര്‍ക്കാരില്‍ ഏണസ്‌റ്റോ കാര്‍ഡെനാല്‍ സാംസ്‌ക്കാരിക വകുപ്പു മന്ത്രിയായിരുന്നു, 1979 മുതല്‍ 1987 വരെ. മാര്‍ക്‌സിയന്‍ സ്വാധീനത്തിലുള്ള സാന്‍ഡിനിസ്റ്റ സര്‍ക്കാരിലുള്ള പങ്കാളിത്തത്തിന്റെയും വിമോചന ദൈവശാസ്ത്രത്തിന്റെയും പേരില്‍ 1984 ല്‍ അന്നത്തെ മാര്‍പാപ്പ ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹത്തിന് പൗരോഹിത്യ വിലക്ക് ഏര്‍പ്പെടുത്തി. പിന്നീട് 2019 ല്‍ ഫ്രാന്‍സീസ് മാര്‍പാപ്പ അത് പുന:സ്ഥാപിച്ചു. 2020 മാര്‍ച്ച് 1 ന് അദ്ദേഹം അന്തരിച്ചു.

1962 ല്‍ ഹോളിവുഡിലെ മാദക നടിയായി അറിയപ്പെട്ടിരുന്ന മര്‍ലിന്‍ മണ്‍റോ അന്തരിച്ചതിനെ തുടര്‍ന്ന് ടൈം മാഗസിനില്‍ വന്ന റിപ്പോര്‍ട്ട് വായിച്ച ശേഷം ഏണസ്‌റ്റോ കാര്‍ഡെനാല്‍ എഴുതിയ കവിതയാണ് ‘ മര്‍ലിന്‍ മണ്‍റോക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ‘.

കവിത
മര്‍ലിന്‍ മണ്‍റോക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന
ഏണസ്‌റ്റോ കാര്‍ഡെനാല്‍
പിതാവേ,
മര്‍ലിന്‍ മണ്‍റോ എന്ന് ലോകമറിയുന്ന
ഈ പെണ്‍കുട്ടിയെ സ്വീകരിക്കേണമേ,
അവളുടെ ശരിപ്പേര് അതായിരുന്നില്ലെങ്കിലും.
(ഒമ്പതാം വയസ്സില്‍
ബലാല്‍സംഗം ചെയ്യപ്പെടുകയും,
പതിനാറാം വയസ്സില്‍
ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്ത,
അനാഥയായ ഒരു
പീടിക വേലക്കാരിയുടെ ശരിപ്പേര്
നിനക്കറിയാതെ വരില്ലല്ലോ).
ചമയങ്ങളേതുമില്ലാതെ,
മാധ്യമ ഏജന്റുമാരില്ലാതെ,
ഫോട്ടോഗ്രാഫര്‍മാരോ
ഓട്ടോഗ്രാഫുകള്‍ തേടുന്നവരോ ഇല്ലാതെ,
നിഗൂഢ ശൂന്യതയുടെ
ഇരുണ്ട രാത്രിയിലേക്ക് നോക്കുന്ന
ഒരു ബഹിരാകാശ യാത്രിക പോലെ,
അവള്‍ നിന്റെ മുന്നില്‍ നില്‍ക്കുന്നു.
ടൈമിലെ* റിപ്പോര്‍ട്ടില്‍ പറയുന്നു :
ഒരു പള്ളിയില്‍ നഗ്‌നയായി നില്‍ക്കുന്നത്
ചെറുപ്പത്തിലവള്‍ സ്വപ്നം കണ്ടിരുന്നുവെന്ന് ,
സാഷ്ടാംഗം പ്രണമിച്ചു കിടന്ന
ജനസഞ്ചയത്തിന്റെ തലയില്‍
ചവിട്ടാതിരിക്കാന്‍ ,
കാല്‍ വിരലുകളിലൂന്നി
മെല്ലെ നടക്കുന്നതായും.
മന:ശാസ്ത്രജ്ഞന്മാരേക്കാളുമേറെ
നിനക്കറിയാം ഞങ്ങളുടെ സ്വപ്നങ്ങളെ.
പള്ളിയിലും, വീട്ടിലും, ഗുഹകളിലും,
അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ സുരക്ഷയുണ്ട്, ചിലപ്പോള്‍ അതിലേറെ…
തലകള്‍ തീര്‍ച്ചയായും
അവളുടെ ആരാധകരുടേത്,
(തിരശ്ശീലയിലേക്ക് നീളുന്ന പ്രകാശരശ്മികള്‍ക്ക് കീഴെ
ഇരുളില്‍ നിറഞ്ഞ തലകളുടെ കൂട്ടം).
പക്ഷേ ആ ദേവാലയം
ഇരുപതാം നൂറ്റാണ്ടിലെ കുറുനരിയുടെ**
സ്റ്റൂഡിയോ അല്ല,
വെണ്ണക്കല്ലിലും സ്വര്‍ണ്ണത്തിലുള്ള
ആ ദേവാലയം,
അവളുടെ ശരീരത്തിന്റെ ദേവാലയം.
കൈയില്‍ ഒരു ചമ്മട്ടിയുമായി
മനുഷ്യപുത്രന്‍ നില്‍പുണ്ടവിടെ ,
നിന്റെ ആരാധനാലയത്തെ
കവര്‍ച്ചക്കാരുടെ ഗുഹയാക്കി മാറ്റിയ
ഇരുപതാം നൂറ്റാണ്ടിലെ കുറുനരികളെ ,
നാണയ മാറ്റക്കാരെ അടിച്ചോടിക്കാന്‍.
പിതാവേ ,
തിന്മകളും ആണവവികിരണങ്ങളും കൊണ്ട് ദൂഷിതമായ ഈ ലോകത്തില്‍,
ഒരു പാവം പീടിക വേലക്കാരിയെ മാത്രം
നീ കുററപ്പെടുത്തരുത്.
അവള്‍ ഒരു താരമാകാന്‍ സ്വപ്നം കണ്ടു
ആ സ്വപ്നം യാഥാര്‍ത്ഥ്യമായി ,
( ഒരു ടെക്ക്‌നി കളര്‍ യാഥാര്‍ത്ഥ്യം).
നമ്മുടെ തിരക്കഥകള്‍ക്കനുസരിച്ചേ
അവള്‍ക്ക് അഭിനയിക്കാനാകൂ.
ആ തിരക്കഥ നമ്മുടെ ജീവിത കഥ
അസംബന്ധമായിരുന്നു.
പിതാവേ ,
അവളോടും ഇരുപതാം നൂറ്റാണ്ടിലെ
ഞങ്ങളെല്ലാവരോടും പൊറുക്കേണമേ!
ബൃഹത്തായ ആ സൂപ്പര്‍ നിര്‍മ്മിതിയില്‍
ഞങ്ങളേവരും പങ്കുകാരായിരുന്നു.
അവള്‍ക്ക് സ്‌നേഹത്തിനായി വിശന്നപ്പോള്‍ , ഞങ്ങളവള്‍ക്ക്
ഉറക്കഗുളികകള്‍ കൊടുത്തു.
അവളുടെ വിഷാദങ്ങള്‍ക്ക്
മനോവിശ്ലേഷകരെ നിര്‍ദ്ദേശിച്ചു ,
ഞങ്ങളും വിശുദ്ധരായിരുന്നില്ലല്ലോ.
കേമറയോടുള്ള അവളുടെ ഒടുങ്ങാത്ത
പക നീ ഓര്‍ക്കണം
ചമയങ്ങളാടുള്ള വെറുപ്പും
ഓരോ രംഗങ്ങളിലും പുതുചമയങ്ങള്‍
വേണമെന്നവള്‍ വാശി പിടിച്ചു
ഭീതി അവളില്‍ വളരുകയായിരുന്നു ,
എവിടെയും അവള്‍ വൈകാന്‍ തുടങ്ങി .
ഏതൊരു പീടികവേലക്കാരിയെയും പോലെ അവളും ,
ഒരു താരമാകാന്‍ സ്വപ്നം കണ്ടു.
മന:ശാസ്ത്രജ്ഞന്മാര്‍ വ്യാഖ്യാനിച്ച്
മൂലയില്‍ തള്ളുന്ന സ്വപ്നങ്ങള്‍ പോലെ,
അവളുടെ സ്വപ്നവും വ്യാജമായിരുന്നു.
അവളുടെ പ്രണയങ്ങളൊക്കെയും
അടഞ്ഞ മിഴികളുടെ ചുംബനങ്ങളായിരുന്നു ,
കണ്ണുകള്‍ തുറന്നപ്പോള്‍ അവളറിഞ്ഞു ,
എല്ലാം കേമറയുടെ
വെള്ളി വെളിച്ചങ്ങള്‍ക്ക് വേണ്ടി
അനാച്ഛാദനം ചെയ്യപ്പെട്ടവയായിരുന്നു.
പിന്നെ ആ വെളിച്ചങ്ങളും കെടുത്തി !
ജോലിക്കാര്‍ അഴിച്ചു കൊണ്ടുപോയ ,
സിനിമാ ചിത്രീകരണത്തിന്റെ
സജ്ജീകരണം മാത്രമായിരുന്നു അത്.
ടേക്ക് കഴിഞ്ഞ് തിരക്കഥയുമായി
സംവിധായകന്‍ നടന്നു പോയി .
ഏതോ ചേരിയിലെ കൂരകളിലിരുന്ന്
ആരൊക്കെയോ കണ്ടു ,
ഉല്ലാസ നൗകയിലെ ഒരു യാത്ര,
സിംഗപ്പൂരിലെ ഒരു ചുംബനം,
റിയോവിലെ നൃത്തരംഗം,
വിന്‍സര്‍ പ്രഭുവിന്റെയും പ്രഭ്വിയുടെയും
മാളികയിലെ ആഘോഷങ്ങള്‍.
അന്ത്യചുംബനമില്ലാതെ
ആ സിനിമ തീര്‍ന്നു.
ആരോ അവളെ കണ്ടു,
കിടക്കയില്‍ മരിച്ച നിലയില്‍ .
കൈയില്‍ ഫോണ്‍ ഉണ്ടായിരുന്നു .
ആരെയാണവള്‍ വിളിക്കാന്‍ ശ്രമിച്ചതെന്ന് ,
ഒരു കുറ്റാന്വേഷകനും കണ്ടെത്തിയില്ല.
ആകെയുള്ള ഒരേയൊരു സൗഹൃദത്തിന്റെ ശബ്ദം കേള്‍ക്കാന്‍
വിളിച്ച ഒരുവള്‍ ,
ശബ്ദലേഖനം ചെയ്തു വെച്ച
റോങ്ങ് നമ്പര്‍ എന്ന സന്ദേശം
കേള്‍ക്കുന്നതു പോലെ,
തെമ്മാടികള്‍ മുറിവേല്‍പിച്ച ഒരുവള്‍ ,
വിഛേദിക്കപ്പെട്ട ഒരു ഫോണിലേക്ക്
കൈ നീട്ടിയത് പോലെ .
പിതാവേ ,
ആരെയാണോ അവള്‍ വിളിക്കാന്‍
ശ്രമിച്ചത്,
എന്നിട്ടും വിളിക്കാതെ പോയത്,
(അതാരുമല്ലായിരിക്കാം ,
ഒരു പക്ഷേ, ആ നമ്പര്‍
ലോസ് ഏഞ്ചല്‍സിലെ
ടെലിഫോണ്‍ ഡയറക്ടറിയില്‍
ഇല്ലായിരിക്കാം ),
ആ ടെലിഫോണ്‍ വിളി
നീ കേള്‍ക്കേണമേ!