വടകര: കറുത്തവറ്റ് കഞ്ഞിയിലല്ല കഞ്ഞി വെക്കുന്നവരിലാണെന്ന് കേരള ജനതയ്ക്കറിയാമെന്നും അവസരം വരുമ്പോള്‍ ജനങ്ങളത് പിഴുതെറിയുമെന്നും മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: ജെബി മേത്തര്‍ എം പി അഭിപ്രായപ്പെട്ടു. മഹിളാ കോണ്‍ഗ്രസ്സ് വില്ല്യാപ്പള്ളി ബ്ലോക്ക് കണ്വെന്ഷന് ചെക്കോട്ടി ബസാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കേരളം മുഴുവന്‍ കൊള്ളയടിച്ച് പാര്‍ട്ടിക്കും സ്വന്തം കുടുംബത്തിനും നേട്ടമുണ്ടാക്കാനുള്ള പിണറായി വിജയന്റെ ശ്രമം അധികകാലം നിലനില്‍ക്കില്ലെന്ന് പുതുപ്പള്ളിയിലെ ഫലം തെളിയിക്കുന്നുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വ്യക്തമായ പ്രതികരണം ബാലറ്റിലൂടെ നടത്തുമെന്നും അതോടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയായി പിണറായി വിജയന് മാറുമെന്നും ജെബി മേത്തര്‍ പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായ രജനി രമാനന്ദ്, രമ തങ്കച്ചന്, വനജ ടീച്ചര്‍, ആമിന മോള്, പി സി പ്രിയ, സന്ധ്യ, ജില്ലാ പ്രസിഡണ്ട് ഗൗരി പുതിയോത്ത്, പി സി ഷീബ, സബിത മണക്കുനി, ശ്രീജ തറവട്ടത്ത്, രഞ്ജിനി വെള്ളാച്ചേരി, രജനി പുതുപ്പണം, സി.പി.ബിജു പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. മഹിളാ കോണ്‍ഗ്രസ്സ് വില്ല്യാപ്പള്ളി ബ്ലോക്ക് പ്രസിഡണ്ട് ശാലിനി കെ വി അദ്ധ്യക്ഷത വഹിച്ചു.