കോഴിക്കോട്: മലയാളത്തിലെ ശ്രദ്ധേയമായ ആനുകാലികങ്ങളിലൊന്നായ ശബാബ് വാരികയുടെ അമ്പതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം 2024 ഡിസംബര്‍ 8ന് (ഞായർ) കോഴിക്കോട് കടപ്പുറത്ത് നടക്കും. കേരളീയ മുസ്ലിംകളുടെ സാംസ്‌കാരിക മൂലധനത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും സാമൂഹിക രഞ്ജിപ്പിന്റെ സംവാദ തലങ്ങള്‍ തുറന്നിടുകയും ചെയ്ത പ്രസിദ്ധീകരണമാണ് ശബാബ് വാരിക.
1975ല്‍ ദ്വൈവാരികയായി തുടങ്ങിയ ശബാബ് പിന്നീട് വാരികയാവുകയും മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഇസ്ലാമിക പ്രസിദ്ധീകരണമായി മാറുകയുമായിരുന്നു. അരനൂറ്റാണ്ട് കാലത്തെ ശബാബിന്റെ ചരിത്രം കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തിന്റെയും മുസ്ലിം വികാസത്തിന്റെയും ഉത്ഥാനത്തിന്റെയും ചരിത്രം കൂടിയാണ്.
ഇസ്ലാഹി പ്രസ്ഥാനത്തിന്റെ യുവഘടകമായ ഐ എസ് എമ്മിന്റെ ആഭിമുഖ്യത്തിലാണ് ശബാബ് പുറത്തിറങ്ങുന്നത്. ഒരു യുവജന പ്രസ്ഥാനത്തിന്റെ മുഖപത്രം അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുകയെന്നത് ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണ്.
മലയാളത്തിന്റെ ഇസ്ലാമിക വായനക്ക് അമ്പതാണ്ട് എന്ന പ്രമേയത്തില്‍ കടപ്പുറത്ത് നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഈ ചരിത്രനിമിഷം അവിസ്മരണീയമാക്കുന്നതുമായി ബന്ധപ്പെട്ട് വൈജ്ഞാനിക- ഗവേഷണ- സാമൂഹിക രംഗങ്ങളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ സമ്മേളനത്തില്‍ പ്രഖ്യാപിക്കും.
ഗൗരവ വായനയുടെ ഡിജിറ്റല്‍ അനുഭവം പകരുന്ന ശബാബ് വെബ്‌സിന്‍ ലോഞ്ചിംഗ്, മുജാഹിദ് പത്താം സമ്മേളന റിവ്യു പ്രകാശനം, ധിഷണാശാലികളായ എഴുത്തുകാര്‍ക്ക് ആദരം, പാനല്‍ ഡിസ്‌കഷന്‍ എന്നിവ ചടങ്ങില്‍ നടക്കും.
സമ്മേളനത്തില്‍ മന്ത്രി വി അബ്ദുറഹ്മാന്‍, ആക്ടിവിസ്റ്റും അഭിഭാഷകനുമായ ആശിഷ് ഖേതന്‍, കെ സി വേണുഗോപാല്‍ എം പി, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ, ടി പി രാമകൃഷ്ണന്‍ എം എല്‍ എ, ഡോ. ഫസൽ ഗഫൂർ, പി എന്‍ ഗോപീകൃഷ്ണന്‍, ആര്‍ രാജഗോപാല്‍, എ അബ്ദുല്‍ ഹമീദ് മദീനി, സി പി ഉമര്‍ സുല്ലമി, ഡോ. ഇ കെ അഹമ്മദ് കുട്ടി, എ കെ നിഷാദ്, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, സി ടി ആയിശ ടീച്ചര്‍, സല്‍മ അന്‍വാരിയ്യ തുടങ്ങി വിവിധ തലങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ ബി.പി.എ ഗഫൂർ, ഡോ അൻവർ സാദത്ത്, ഡോ സുഫ് യാൻ അബ്ദുസത്താർ, ശരീഫ് കോട്ടക്കൽ, റാഫി കുന്നുംപുറം, ജിസാർ ഇട്ടോളി, ഷുക്കൂർ കോണിക്കൽ, ഷാനവാസ് ചാലിയം, അഡ്വ മുഹമ്മദ് നജാദ്, ഫാദിൽ പന്നിയങ്കര, അക്ബർ സാദിക്.