മുളയില്‍ മെനയുന്ന ജീവിതം; മുളയുത്പന്ന നിര്‍മ്മാണത്തില്‍ നടത്തിയ പരിശീലന പരിപാടി നടത്തി

Wayanad

കല്പറ്റ: മുളയില്‍ ജീവിതം മെനയാന്‍ തയ്യാറെടുക്കുകയാണ് സംസ്ഥാനത്തെ ഒരു കൂട്ടം ഗോത്ര യുവജനങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ പുത്തൂര്‍ വയല്‍ എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ രണ്ടാഴ്ചയിലേറെ നീണ്ടു നിന്ന പരിശീലനത്തിലൂടെ ഇരുപത്തി മൂന്ന് പേരാണ് മുളയുല്‍പ്പന്ന നിര്‍മ്മാണ മേഖലയിലേക്ക് തിരിയുന്നത്.

ഇലകള്‍ മുതല്‍ വേരുകള്‍ വരെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാന്‍ കഴിയുന്നതും ഏറ്റവും വേഗത്തില്‍ വളരുന്നതുമായ ഒരു ചെടിയാണ് മുള. വയനാട് മുളകളുടെയും നാടാണ് . വനത്തിനകത്തും പുറത്തുമായി വയനാട്ടില്‍ വിവിധയിനം മുളകള്‍ വളരുന്നുണ്ട്. മുമ്പ് ഗോത്ര വിഭാഗങ്ങളുടെ ജീവിതത്തിലെ നിത്യോപയോഗത്തിനും, ആചാരത്തിനും, വാദ്യങ്ങള്‍ക്കും, ഭക്ഷണത്തിനും മുള അത്യന്താപേക്ഷിതമായിരുന്നു. മുളയുമായി ബന്ധപ്പെട്ട ഒട്ടേറെ അനുഷ്ടാനങ്ങളും ഗോത്ര ജനതക്കുണ്ട്. മാറിയ കാലത്ത് മുളയുടെ ഉപയോഗം തിരിച്ചെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തെ ഉപയോഗപെടുത്തികൊണ്ട് വിവിധ ഉല്‍പ്പന്നങ്ങളും കരകൗശല വസ്തുക്കളും നിര്‍മ്മിച്ചുകൊണ്ട് ഒരു അധിക വരുമാനം കണ്ടെത്താന്‍ പരിശീലനാര്‍ത്ഥികളെ സജ്ജരാകുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

കേരള സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ (KSCSTE) പട്ടികജാതി- പട്ടികവര്‍ഗ്ഗ സെല്ലിന്റെ സഹകരണത്തോടെ പുത്തൂര്‍ വയല്‍ എം.എസ്.സ്വാമി നാഥന്‍ ഗവേഷണ നിലയിത്തില്‍ ആണ് പരിശീലനംനടന്നത്. മുള ഉല്പന്ന നിര്‍മ്മാണത്തില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച പരിശീലകരുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. ഡോ. വിപിന്‍ ദാസ്, ഡോ അര്‍ച്ചന ഭട്ട്, ബാബുരാജ്, സുരേഷ് മാത്യു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പരിശീലനാര്‍ത്ഥികളോട് സംവദിച്ചു. വളകള്‍, മുറം, കുട്ട എന്നിങ്ങനെയുള്ള നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ വിവിധ വാദ്യോപകരണങ്ങള്‍ തുടങ്ങി വീട് നിര്‍മ്മാണം വരെ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ അന്‍പതില്‍ അധികം മുളയുല്‍പ്പന്നങ്ങള്‍ ഒരാഴ്ചകൊണ്ട് സംഘാംഗങ്ങള്‍ നിര്‍മ്മിച്ചു.

സമാപന സമ്മേളനം നസീമ ടീച്ചര്‍ (മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) ഉത്ഘാടനം ചെയ്തു. എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം മേധാവി ഡോ ഷക്കീല അധ്യക്ഷത വഹിച്ച പരിപാടിയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ ധ്യുതിലാല്‍ മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഡി രാജന്‍ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചു.