ജെ ഡി യു വിട്ട നേതാക്കള്‍ക്ക് അംഗത്വം നല്‍കി ബി ജെ പി; ജനപിന്തുണയില്ലാത്തവരാണ് പാര്‍ട്ടി വിട്ടതെന്ന് ജെ ഡി യു

Analysis

ബീഹാര്‍ കത്ത് / ഡോ.കൈപ്പാറേടന്‍

യാതൊരു ജനപിന്തുണയുമില്ലാത്തവരാണ് പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയതെന്നും പാര്‍ട്ടിക്ക് ഒരു പോറല്‍ പോലും വരുത്താന്‍ ഇവര്‍ക്ക് കഴിയില്ലെന്നും ജെ ഡി യു. എന്നാല്‍ ഈ നേതാക്കളെ പാര്‍ട്ടി അംഗത്വം നല്‍കി പരവതാനിവിരിച്ച് സ്വീകരിച്ചിരിക്കുകയാണ് ബി ജെ പി. ഇതോടെ ഇനി ബീഹാര്‍ ബി ജെ പി കീഴടക്കുമെന്ന പ്രചരണവുമായി കാവി മാധ്യമപ്പട രംഗത്തിറങ്ങിയിരിക്കുകയാണ്.

ജെ ഡി യുവില്‍ നിന്നും ഒറ്റപ്പെട്ടു പുറത്തുപോയ മുന്‍ കേന്ദ്ര മന്ത്രിയും മുന്‍ ദേശീയ അധ്യക്ഷനുമായ ആര്‍ സി പി സിംഗും കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച സുഹേലി മേത്തയുമാണ് ഇന്ന് പട്‌നയില്‍ ബി ജെ പിയില്‍ ചേര്‍ന്നത്. സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി ബി ജെ പി സംസ്ഥാന ഓഫീസില്‍ ഇരുവര്‍ക്കും അംഗത്വം നല്‍കി.

ജെ ഡി യുവിന്റെ പരമ്പരാഗത വോട്ട് ബാങ്കാണ് കുശ്വാഹ സമുദായവും കൃമി സമുദായവും. ലുവ്കുഷ് സമവാക്യം എന്നാണ് ഇത് ബീഹാര്‍ രാഷ്ട്രീയത്തില്‍ അറിയപ്പെടുന്നത്. ആര്‍ ജെ ഡി മന്ത്രി അലോക് മേത്തയുടെ സഹോദരിയായ സുഹേലി മേത്ത സഹോദരനുമായുള്ള വൈരത്തെ തുടര്‍ന്ന് JDU വില്‍ ചേക്കേറിയെങ്കിലും വൈകാതെ RJD- JDU ബന്ധം രൂപപ്പെട്ടതോടെ സുഹേലി മേത്ത ചിന്താക്കുഴപ്പത്തിലായി. സഹോദരന്‍ നിതീഷ് മന്ത്രിസഭയില്‍ അംഗമായതോടെ നില്‍ക്കക്കള്ളിയില്ലാതായ സുഹേലി മേത്ത കുശ്വാഹ സമുദായത്തില്‍ നിന്നുള്ള സ്വന്തമായി അണികളില്ലാത്ത നേതാവാണ്. കുര്‍മി സമുദായത്തില്‍ നിന്നുള്ള മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആര്‍ സി പി സിംഗ്.

കുഷ്വാഹ സമുദായത്തില്‍ നിന്നും കുര്‍മി സമുദായത്തില്‍ നിന്നുമുള്ള ഈ രണ്ടു നേതാക്കളെ ബി ജെ പി കൂടെ കൂട്ടിയത് മഹാസഖ്യത്തിന്റെ ലുവ്കുഷ് വോട്ട് ബാങ്കു തകര്‍ത്തു എന്ന് പ്രചരിപ്പിക്കാനാണെന്നു വ്യക്തം. ബിഹാര്‍ രാഷ്ട്രീയത്തില്‍ കാര്യമായ എന്തെങ്കിലും ചലനം സൃഷ്ടിക്കാന്‍ ഇവര്‍ രണ്ടു പേര്‍ക്കുമാകുമെന്ന് ആരും കരുതുന്നില്ല. എങ്കിലും ദേശീയ മീഡിയായില്‍ ഇരുവര്‍ക്കും വലിയ വാര്‍ത്താ പ്രാധാന്യം കൊടുത്ത് ബിഹാറില്‍ എന്തോ സംഭവിക്കുന്നു എന്ന പ്രതീതി മറ്റു സംസ്ഥാനങ്ങളില്‍ പരത്താന്‍ ബി ജെ പി അനുകൂല മാധ്യമങ്ങള്‍ക്ക് ഇതു മൂലം കഴിയും.

കേരളത്തില്‍ അനില്‍ ആന്റണിയെ കൂടെ കൂട്ടിയതും ബിഷപ്പുമാരുമായി ചര്‍ച്ച നടത്തിയതും കേരളത്തില്‍ കാറ്റുപോയ ബലൂണ്‍ ആയി മാറിയിരുന്നു. എങ്കിലും മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെ അതുകാട്ടി തെറ്റിദ്ധരിപ്പിക്കാന്‍ ബി ജെ പി അനുകൂല മാധ്യമങ്ങള്‍ ഒരാഴ്ചയോളം വലിയ കൊട്ടിഘോഷമാണ് നടത്തിയത്. ഈ തന്ത്രം തന്നെ സ്വാഭാവികമായും ബീഹാറിന്റെ കാര്യത്തിലും പ്രതീക്ഷിക്കാം.