എം ജി സര്‍വകലാശാലാ വീണ്ടും ജനങ്ങളിലേക്ക്; സമ്പുര്‍ണ യു3എ ഗ്രാമമാകാന്‍ എലിക്കുളം

Kottayam

കോട്ടയം: പ്രവര്‍ത്തനമാരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ ഏറെ സ്വീകാര്യത നേടിയ യൂണിവേഴ്‌സിറ്റി ഓഫ് ദ തേഡ് ഏജുമായി(യു3എ) മഹാത്മാ ഗാന്ധി സര്‍വകലാശാല ഗ്രാമങ്ങളിലേക്ക്. ആദ്യ ഘട്ടമായി കോട്ടയം ജില്ലയിലെ എലിക്കുളം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ യു3എ ഗ്രാമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് (ക്ടോബര്‍ 14)തുടക്കം കുറിക്കും. വൈസ് ചാന്‍സര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പഞ്ചായത്തിലെത്തി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി.

മുതിര്‍ന്ന പൗരന്‍മാരെ ജീവിതത്തിന്റെ സന്തോഷകരമായ മൂന്നാം ഘട്ടത്തിലേക്ക് നയിക്കുന്ന യൂണിവേഴ്‌സിറ്റി ഓഫ് ദ തേഡ് ഏജിന് ഈ വര്‍ഷം മാര്‍ച്ച് 23നാണ് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ തുടക്കമായത്. ഇപ്പോള്‍ 14 ജില്ലകളിലും യൂണിറ്റുകളും രണ്ടായിരത്തിലധികം അംഗങ്ങളുമുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ വയോ സൗഹൃദ പഞ്ചായത്തിനുള്ള പുരസ്‌കാര നേട്ടത്തിനു പിന്നാലെയാണ് എലിക്കുളം മുതിര്‍ന്ന പൗരന്‍മാരുടെ അറിവുകളും അനുഭവങ്ങളും സമൂഹത്തിന് ഗുണകരമായി പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിടുന്ന യു3എയുടെ ഭാഗമാകുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ യു3എ പ്രഖ്യാപനത്തിനായി തയ്യാറെടുക്കുന്നത്.

നിലവിലെ കണക്കുപ്രകാരം എലിക്കുളം പഞ്ചായത്തില്‍ അറുപതു വയസിനു മുകളിലുള്ള 5332 പേരുണ്ട്. നിറവ് @ 60 പ്ലസ് എന്ന പേരില്‍ ഇവരുടെ കൂട്ടായ്മയുമുണ്ട്. ഇവര്‍ക്കൊപ്പം 55 മുതല്‍ 60വരെ പ്രായമുള്ളവരും യു3എയുടെ ഭാഗമാകും. ഇവിടുത്തെ പതിനാറു വാര്‍ഡുകളിലും രണ്ടുവീതം യൂണിറ്റുകള്‍ ആരംഭിക്കും. ഓരോ യൂണിറ്റിലും 15 മുതല്‍ 20 വരെ അംഗങ്ങളുണ്ടാകും. നവംബര്‍ ഒന്നിനു മുന്‍പ് യൂണിറ്റുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനസജ്ജമാകും. നവംബര്‍ ഒന്നിന് എലിക്കുളം സമ്പൂര്‍ണ യു3എ ഗ്രാമം പ്രഖ്യാപനം നടത്തും.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള ഫെസിസിലിറ്റേറ്റര്‍മാരെ ഓരോ യൂണിറ്റുകളിലേക്കും നിയോഗിച്ചിട്ടുണ്ട്. ഒക്ടോബര്‍ 14ന് മുന്‍പ് ഇവര്‍ ഗൃഹസന്ദര്‍ശനം പൂര്‍ത്തീകരിക്കും. 14ന് രാവിലെ 11.15ന് സമ്പൂര്‍ണ്ണ യു3എ യജ്ഞത്തിന്റെ ഉദ്ഘാടനം സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് ഡയറക്ടര്‍ ഡോ. പി.ടി. ബാബുരാജ് നിര്‍വഹിക്കും.

തുടര്‍ന്ന് യൂണിറ്റ് തലത്തില്‍ ഒരേ സമയം യോഗം ചേര്‍ന്ന് യു3എയെക്കുറിച്ച് വിശദീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്യും. എല്ലാ മാസവും യൂണിറ്റ് യോഗങ്ങള്‍ ചേരും.

”ഏതു ജീവിത പശ്ചാത്തലത്തിലുമുള്ള വയോജനങ്ങള്‍ക്ക് തങ്ങളുടെ മികവിന്റെകാലം കഴിഞ്ഞിട്ടില്ലെന്ന ബോധ്യം നല്‍കുകയാണ് ലക്ഷ്യം. റിട്ടയര്‍മെന്റ് എന്ന വാക്ക് ഒരിടത്തും ഉപയോഗിക്കാതിരിക്കാന്‍ ഞങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുന്നു. പ്രദേശിക കൂട്ടായ്മകള്‍ വയോജനങ്ങള്‍ക്ക് വീടിന്റെ ഏകാന്തതയില്‍നിന്നുള്ള മോചനമാകും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാതലത്തിലും മേഖലാതലത്തിലും മേല്‍നോട്ട സംവിധാനമുണ്ടാകും”സര്‍വകലാശാലാ യു3എ മെന്ററായ ഡോ.സി തോമസ് എബ്രഹാം പറഞ്ഞു.

ബട്ടര്‍ഫ്‌ളൈ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ മെറ്റമോര്‍ഫോസിസ് എന്ന സന്നദ്ധ സംഘടനയിലെ അംഗങ്ങളാണ് യു3എ യൂണിറ്റുകളുടെ രൂപീകരണത്തിന് നേതൃത്വം നല്‍കുന്നത്. വളര്‍ത്തുന്ന മനഃശാസ്ത്രം എന്നറിയപ്പെടുന്ന ടി.സി.ഐ ആണ് യു3എയുടെ രീതി ശാസ്ത്രമായി സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് സര്‍വ്വകലാശാലാതലത്തില്‍ ടി.സി.ഐയില്‍ കോഴ്‌സുകളും പരീശനങ്ങളും നടത്തുന്നത് എം.ജി. സര്‍വകലാശാലയില്‍ മാത്രമാണ്.

വിവിധ കര്‍മ്മ പരിപാടികളുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ഗവേഷണങ്ങളിലൂടെ പൊതുസമൂഹത്തിന് ഗുണകരമായ നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തുകയും ചെയ്ചതിട്ടുള്ള സര്‍വകലാശാല വലിയൊരു മാറ്റം മുന്നില്‍ കണ്ടാണ് യു3എയുമായി ഗ്രാമങ്ങളിലേക്ക് പോകുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു.

സമ്പൂര്‍ണ യ3എ യജ്ഞത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിക്കും. ഡോ. സി. തോമസ് ഏബ്രഹാം ആമുഖ പ്രഭാഷണം നടത്തും. ഡോ. റോബിനെറ്റ് ജേക്കബ്, ഡോ. ടോണി കെ. തോമസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ജെസി ഷാജന്‍, ടി.എന്‍. ഗിരീഷ് കുമാര്‍, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബട്ടര്‍ഫ്‌ളൈ ഫൗണ്ടേഷന്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ അഡ്വ. ഗീത സാരസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സില്‍വി വില്‍സണ്‍, ബട്ടര്‍ഫ്‌ളൈ പ്രതിനിധി ഷീബ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബെറ്റി റോയ്, എം.കെ. രാധാകൃഷ്ണന്‍, ജോമോള്‍ മാത്യു, യു3എ ജില്ലാ കോഓര്‍ഡിനേറ്റര്‍ പ്രഫ. ജോബി ജോസഫ് എന്നിവര്‍ പങ്കെടുക്കും.