സംരംഭകത്വ വികസനം; എം ജി സര്‍വകലാശാലയ്ക്ക് അനുമോദനം

Kottayam

കോട്ടയം: സംരംഭകത്വ വികസന മേഖലയിലെ മികവിന് മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ന്റെ അനുമോദനം. സ്റ്റാര്‍ട്ടപ് മിഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഐഇഡിസി ഉച്ചകോടിയില്‍ സര്‍വകലാശാലയിലെ ബിസിനസ് ഇന്നവേഷന്‍ ആന്റ് ഇന്‍കുബേഷന്‍ സെന്റര്‍(ബി.ഐ.ഐ.സി) ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷ്ണന് സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. സജി ഗോപിനാഥ് ഉപഹാരം സമ്മാനിച്ചു.

സ്റ്റാര്‍ട്ടപ്പ് മിഷന്റെ ധനസഹായത്തോടെ നടപ്പാക്കിയ സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായ വിജയം നേടിയതായി ഉച്ചകോടി വിലയിരുത്തി. സ്റ്റാര്‍ട്ടപ് മിഷനില്‍നിന്ന് അനുവദിച്ച ഒരു കോടി രൂപ ചിലവിട്ട് ബി.ഐ.ഐ.സി ഒന്‍പതു മാസത്തിനിടെ 24 ഗവേഷണ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. ഇതില്‍ എട്ട് ഗവേഷണഫലങ്ങളെ അടിസ്ഥാനമാക്കി സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി. ആറു കണ്ടുപിടുത്തങ്ങള്‍ പേറ്റന്റ് നേടുന്നതിനുള്ള നടപടികളിലാണ്. എട്ടെണ്ണം വ്യവസായ മേഖലയ്ക്ക് കൈമാറും.